തിരുവനന്തപുരം: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവർത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സർക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.
മുതിർന്ന പൗരന്മാരോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച മധുരം ജീവിതം സീനേജർ ഫെസ്റ്റിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വയോജനങ്ങളുടെ പരിചരണത്തിനും ക്ഷേമത്തിനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഈ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമാകുന്നവർ തനിച്ചായി പോകുന്നില്ല എന്നുറപ്പുവരുത്താനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള ഇടപെടലുകള്‍ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ആയിരത്തിയറുന്നൂറ് രൂപാ നിരക്കില്‍ വാർദ്ധക്യ പെൻഷൻ ലഭ്യമാക്കിവരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ പെൻഷനർഹതയുള്ള എല്ലാവർക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നല്‍കിവരുന്നു. ഇതാണ് മുതിർന്ന പൗരരോടുള്ള കേരള സർക്കാരിന്റെ കരുതലെന്നും മുഖ്യമന്ത്രി.
മുതിർന്ന പൗരരുടെ വിവിധ തരം പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ താമസക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവർക്ക് സൗജന്യ ആയുർവേദ ചികിത്സയും സാന്ത്വന പരിചരണവും നല്‍കുന്ന വയോഅമൃതം പദ്ധതി അതില്‍ ഒന്നാണ്. അതുപോലെ മുതിർന്ന പൗരരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രശാന്തി ഹെല്പ് ലൈൻ.ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ നിലവിലുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും ഈ ഹെല്‍പ്പ്‌ലൈൻ മുഖേന ബന്ധപ്പെടാനാകും. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെക്കന്റ് ഇന്നിങ്‌സ് ഹോം എന്ന പേരില്‍ ഒരു പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു.
ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പകല്‍ പരിപാലന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനായി സ്വയംപ്രഭാ ഹോം പദ്ധതി ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായം നല്‍കുന്ന പദ്ധതിയാണ് വയോരക്ഷ. ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തുന്നവർക്കും സംരക്ഷിക്കാൻ ബന്ധുക്കളില്ലാത്ത നിർധനരായ വയോജനങ്ങക്കും പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ,
ആംബുലൻസ് സേവനം, പുനരധിവാസം തുടങ്ങിയവയ്ക്കായി പണം ചിലവഴിക്കുന്നതിനു ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് അനുമതി നല്‍കിയിട്ടുണ്ട്. മറവി രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് ഓർമ്മത്തോണി. മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങള്‍ പരമാവധി ഐടി അധിഷ്ഠിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, പരിസ്ഥിതി പ്രവർത്തകൻ ആർ വി ജി മേനോൻ, മുതിർന്ന മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ന്യൂറോളജിസ്റ്റ് ഡോ. കെ രാജാശേഖരൻ നായർ, നടൻ മധു, സംഗീതജ്ഞൻ പി ആർ കുമാര കേരള വർമ്മ, ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാവ് പത്മിനി തോമസ് എന്നിവരാണ് നഗരരത്‌ന പുരസ്‌കാരത്തിന് അർഹരായവർ.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍, ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു, എ എ റഹീം എം.പി., വി കെ പ്രശാന്ത് എം.എല്‍.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.