ഇടുക്കി: ഇടുക്കി കുമളിയില്‍ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.
കുമളി ആറാം മൈല്‍ സ്വദേശി നെല്ലിക്കല്‍ സേവ്യറിൻറെയും ടിനുവിൻറെയും ആണ്‍കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.ഒൻപതാം തീയതിയാണ് ഗർഭിണിയായിരുന്ന സേവ്യറിൻ്റെ ഭാര്യ ടിനുവിനെ അവസാന വട്ട സ്കാനിംഗിനായി കുമളി സെൻ്റ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തില്‍ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാല്‍ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ പരിശോധനയില്‍ കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതിനാല്‍ ഉടൻ സിസേറിയൻ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുമളി ലൂർദ്ദി പളളി സെമിത്തേരിയില്‍ സംസ്ക്കരിച്ചു. കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് പലതവണ ചോദിച്ചിട്ടും ആശുപത്രി അധികൃതർ കൃത്യമായ വിവരം നല്‍കിയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
അച്ഛൻ പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിൻ്റെ നേതൃത്വത്തില്‍ ഫൊറൻസിക് സംഘത്തിൻ്റെ സാന്നിധ്യത്തിലാണ് മൃതദേഹം സെമിത്തേരി തുറന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2023 ല്‍ ഒരു അപകടത്തെ തുടർന്ന് ടിനുവിൻറെ വയറ്റിലുണ്ടായിരുന്ന നാലു മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. അതേ സമയം രാവിലെ ആറര വരെ കുഞ്ഞിൻറെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നുവെന്നും പെട്ടെന്ന് ഇത് കുറഞ്ഞ് നിലക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും മരണ കാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്താൻ അന്നു തന്നെ നിർദ്ദേശിച്ചിരുന്നതായും അവർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.