റോം: 32 വർഷം ഇറ്റലിയിലെ സാർഡീനിയയ്ക്ക് സമീപം ബുഡെല്ലി ദ്വീപില്‍ ഒറ്റയ്ക്ക് ജീവിച്ച മൗറോ മൊറാന്റി (85) അന്തരിച്ചു.
1989ല്‍ പോളിനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലില്‍ വച്ച് ബോട്ട് തകർന്നതോടെയാണ് അദ്ധ്യാപകനായിരുന്ന മൗറോ ബുഡെല്ലി ദ്വീപില്‍ അഭയം തേടിയത്. അന്ന് സ്വകാര്യ ഉടമസ്ഥതയിലായിരുന്നു ജനവാസമില്ലാത്ത ഈ ദ്വീപ്.ദ്വീപിന്റെ പരിപാലനത്തിന് ഒരാളുണ്ടായിരുന്നു. അയാളുടെ കാലാവധി കഴിയാറായി എന്നറിഞ്ഞതോടെ ജോലി ഏറ്റെടുക്കാൻ മൗറോ തയ്യാറായി. പിങ്ക് നിറത്തിലെ മണല്‍ത്തരികളുള്ള ബീച്ച് ദ്വീപിന്റെ പ്രത്യേകതയാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനികരുടെ ഒളിത്താവളങ്ങളില്‍ ഒന്നായിരുന്നു ഇവിടം.
മൂന്ന് പതിറ്റാണ്ട് ഈ കൊച്ചു ദ്വീപിലെ ബീച്ച് വൃത്തിയാക്കിയും സന്ദർശകരെ സ്വീകരിച്ചും മൗറോ ജീവിച്ചു. ആഹാരവും മറ്റും ബോട്ട് മാർഗ്ഗം എത്തിച്ചിരുന്നു. സൗരോർജ്ജത്തിലൂടെ മൗറോയുടെ ചെറുവീട്ടില്‍ വൈദ്യുതി ലഭ്യമായി. പിന്നീട് ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു.
ഏകാന്തവാസം വാർത്തകളില്‍ നിറഞ്ഞതോടെ ഇറ്റലിയുടെ ' റോബിൻസണ്‍ ക്രൂസോ " എന്ന അപരനാമവും അദ്ദേഹത്തിന് ലഭിച്ചു. ഇംഗ്ലീഷ് സാഹിത്യകാരനായ ഡാനിയല്‍ ഡീഫോ രചിച്ച നോവലാണ് റോബിൻസണ്‍ ക്രൂസോ. കപ്പല്‍ തകർന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെടുന്ന റോബിൻസണ്‍ ക്രൂസോയുടെ കഥയാണിത്.
2016ല്‍ ദ്വീപ് സർക്കാർ ഏറ്റെടുത്തിരുന്നു. ദ്വീപിനെ നേച്ചർ പാർക്കാക്കി മാറ്റാനും തീരുമാനിച്ചു. ഇതോടെ മൗറോയെ ചുമതലയില്‍ നിന്ന് നീക്കാനുള്ള സമ്മർദ്ദം ശക്തമായി. ആദ്യം എതിർത്തെങ്കിലും ഒടുവില്‍ അധികൃതരുടെ നിർബന്ധത്തിന് മൗറോ വഴങ്ങി. 2021ല്‍ സമീപ ദ്വീപായ ലാ മഡലീനയിലെ ചെറിയ അപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം താമസം മാറി.
ശാരീരിക അവശതകള്‍ മൂലം കഴിഞ്ഞ വർഷം സാർഡീനിയയിലെ ഒരു നഴ്സിംഗ് ഹോമിലേക്കും തുടർന്ന് ജന്മനാടായ വടക്കൻ ഇറ്റലിയിലെ മൊഡേണയിലേക്കും മൗറോ താമസം മാറി. മൗറോയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം കടലില്‍ ഒഴുക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.