ആലപ്പുഴ: ചേർത്തലയിലെ തണ്ണീർമുക്കം-മുട്ടത്തിപ്പറമ്പ് റോഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ ഇലഞ്ഞാകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട് കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും.ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാള ചിട്ടക്കുമുണ്ട് മൂന്ന് തലമുറയുടെ പാരമ്പര്യം.
വലിയ മതിലില്‍ തങ്കലിപിയില്‍ ആർമി ഹൗസ് എന്നെഴുതിയ ബോർഡിന് മുന്നില്‍ എത്തിയാല്‍ അകത്തേക്ക് പ്രവേശിക്കാൻ യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന ആധുനിക ഗേറ്റ് ചലിച്ചുതുടങ്ങും. അകത്തേക്ക് കയറുമ്പോള്‍ ആർമിയുടെ മറ്റൊരു ലോകം.സൈന്യത്തില്‍നിന്ന് കേണലായി വിരമിച്ച കെ.ബി. ജയരാജും ഭാര്യ സൈനിക സ്കൂള്‍ റിട്ട. പ്രിൻസിപ്പല്‍ ചാന്ദ്നിയുമാണ് ഇപ്പോള്‍ ആർമി ഹൗസിലുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കളാല്‍ മുഖരിതമാണ് വീടകവും. ഇവർക്ക് കിട്ടിയ പാരിതോഷികങ്ങളാണ് അലങ്കാര വസ്തുക്കളില്‍ കൂടുതലും.
വൈക്കം സ്വദേശിയായ ജയരാജിന്‍റെ പിതാവും ആർമി ഉദ്യോഗസ്ഥനായിരുന്നു. 1950ല്‍ വിരമിച്ചശേഷം വിദ്യാഭ്യാസരംഗത്തായിരുന്നു ഇദ്ദേഹത്തിന്‍റെ സേവനം. അമ്മ ഗോമതി അമ്മ സബ് രജിസ്ട്രാറായി വിരമിച്ചു. ഇരുവരും വർഷങ്ങള്‍ക്കുമുമ്പേ മരിച്ചു. ജയരാജിന്‍റെ ഏക മകൻ ജിക്കി ജയരാജ് സൈന്യത്തില്‍ മേജറായി സേവനമനുഷ്ഠിക്കുകയാണ്.
അകവും പുറവും ആർമി
2018ല്‍ നിർമാണം തുടങ്ങിയത് മുതല്‍ വീടിന് എന്തു പേരിടണമെന്ന ആലോചനയിലായിരുന്നു ഇരുവരും. പല പേരുകളും മനസ്സില്‍ വന്നെങ്കിലും അവസാനം ചാന്ദ്നിതന്നെ കണ്ടുപിടിച്ചു, 'ആർമി ഹൗസ്'. പേര് കേട്ടപ്പോള്‍തന്നെ ജയരാജും ഓകെ പറഞ്ഞു.
വീടുപണിയുടെ ഓരോ ഘട്ടത്തിലും അത് എങ്ങനെയായിരിക്കണമെന്ന ബോധ്യം ജയരാജിനുണ്ടായിരുന്നു. കാരണം ഹൈദരാബാദില്‍ വർഷങ്ങള്‍ക്കുമുമ്പ് ജയരാജ് ഒരു വീട് പണിതിരുന്നു. അതിന്‍റെ കുറ്റങ്ങളും കുറവുകളും നികത്തിയാണ് പുതിയ വീട് പണിതത്.
ഫുള്‍ സപ്പോർട്ടുമായി ചാന്ദ്നിയും കൂടെക്കൂടിയതോടെ വിചാരിച്ചതിലും കൂടുതല്‍ ഭംഗിയാക്കാൻ പറ്റിയെന്ന് ജയരാജ് പറയുന്നു. കളറിങ്ങിലും മിലിറ്ററി ടച്ച് കൊടുത്തതോടെ വീടിനകവും പുറവും മിലിറ്ററി കോട്ടേജായി മാറി.
ചാന്ദ്നിക്ക് സൈനിക സ്കൂളില്‍നിന്ന് കിട്ടിയ പുരസ്കാരങ്ങളിലും ജയരാജിന് കിട്ടിയ പുരസ്കാരങ്ങളിലും പാരിതോഷികങ്ങളിലും ചിലത് വീടിനകത്ത് ഷോകേസില്‍ വെച്ചു.
ചാന്ദ്നിയുടെ ആവശ്യപ്രകാരം വീടിന്‍റെ വടക്കുകിഴക്ക് ഭാഗത്തെ കിണർ പീരങ്കിയുടെ മാതൃകയിലാക്കി. ക്ഷേത്ര ശില്‍പങ്ങള്‍ നിർമിക്കുന്ന അയല്‍വാസിയാണ് കിണറിന് ഇരുവശവും വലിയ വീലുകള്‍ പണിതത്. മുകളില്‍ പീരങ്കിക്കുഴലുകളും നിർമിച്ചതോടെ ഒറിജിനലിനെ വെല്ലുന്ന പീരങ്കിയായി.
ഇതിന് സമീപത്തെ കൊടിമരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയർത്തി സല്യൂട്ട് നല്‍കുന്ന പതിവും ഈ കുടുംബം ഇതുവരെ തെറ്റിച്ചിട്ടില്ല.
ഇതുവഴി കടന്നുപോകുന്ന സൈനികരും നേവിക്കാരും മറ്റും വീടിന്‍റെ പേരുകണ്ട് വണ്ടി നിർത്തി വീട്ടില്‍ വന്ന് ആശ്ചര്യത്തോടെ ചോദിക്കും, ആർമിയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയാണെന്ന്. ഇത് കേള്‍ക്കുമ്പോള്‍ ജയരാജിന് വലിയ അഭിമാനം.
ഓർമയില്‍ മായാതെ കാർഗില്‍ യുദ്ധം
പട്ടാളച്ചിട്ടയിലെ കാഠിന്യവും വീട്ടിലുള്ളവരുടെ ആത്മബന്ധങ്ങളുടെ നിർവികാരതയുമുള്‍പ്പെടെ വലിയൊരു അധ്യായം തന്നെയുണ്ട് ജയരാജിന് പറയാൻ. 1999ല്‍ പാകിസ്താനുമായി നടന്ന കാർഗില്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയത് ഇപ്പോഴും മറക്കാൻ പറ്റാത്ത ഒന്നാണ്.
യുദ്ധം തുടങ്ങിയപ്പോള്‍ വിവരങ്ങള്‍ നാട്ടിലുള്ള ഭാര്യയും മകനും മാതാപിതാക്കളും മറ്റു ബന്ധുക്കളും പത്രമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സാറ്റലൈറ്റ് ഫോണാണ് നാട്ടിലുള്ളവരെ ബന്ധപ്പെടാനുള്ള മറ്റൊരു മാർഗം. ഫോണ്‍ വിളിക്കാൻ ദിവസങ്ങള്‍ കാത്തിരിക്കണം. നൂറു സൈനികർക്ക് ഒരു സാറ്റലൈറ്റ് ഫോണാണുള്ളത്. ചില സമയങ്ങളില്‍ മാത്രമേ വീട്ടിലേക്ക് വിളിക്കാനാകൂ.
സമുദ്രനിരപ്പില്‍നിന്ന് ഉയർന്ന മേഖലയിലാണ് യുദ്ധം നടന്നത്. കൊടും തണുപ്പിനെയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും അതിജീവിച്ച കാലഘട്ടം ഇന്നും ജയരാജിന്‍റെ ഓർമയില്‍ മായാതെ കിടക്കുന്നു.
പട്ടാള യൂനിഫോമിലേക്ക് മകനും
1990ലാണ് ചാന്ദ്നിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചത്. മകൻ ജിക്കി ജയരാജിന്‍റെ വിദ്യാഭ‍്യാസം വിവിധ സൈനിക സ്കൂളുകളിലായിരുന്നു. മാതാപിതാക്കളുടെ പാതയില്‍ പട്ടാള യൂനിഫോമിനോടായിരുന്നു മകന് താല്‍പര്യം. അങ്ങനെ സൈന്യത്തില്‍തന്നെ ചേർന്നു.
നിലവില്‍ മേജറായി സേവനമനുഷ്ഠിക്കുകയാണ്. അവിചാരിതമായി കണ്ടുമുട്ടിയ ഹിമാചല്‍പ്രദേശ് സ്വദേശി സ്വാതി വർമയെ വിവാഹം കഴിച്ചു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പിനിയിലെ ബിസിനസ് ജേണലിസ്റ്റാണ് സ്വാതി വർമ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.