2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാവുമെന്ന് ഫിഫ. ഫിഫ പ്രഖ്യാപനം വന്നതിനു പിന്നാലെ സൗദി ജനത ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് എതിരാളിയില്ലായിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ക്രമീകരണങ്ങളും തയാറെടുപ്പുകളും ഓഫറുകളും തയാറാക്കി സൗദി അറേബ്യ സമര്‍പ്പിച്ച ഫയലിന് 500 ല്‍ 419.8 റേറ്റിങ് ആണ് ലഭിച്ചതെന്ന് ഫിഫ വ്യക്തമാക്കി.
2022ല്‍ ഖത്തര്‍ ഫിഫ ലോകകപ്പിന് വേദിയായതിനു ശേഷം പശ്ചിമേഷ്യയില്‍ ഫുട്ബോള്‍ മാമാങ്കത്തിനു സൗദി അറേബ്യ വേദിയാവുന്നത് മേഖലയ്ക്ക് വീണ്ടും കായികഭൂപടത്തില്‍ മെച്ചപ്പെട്ട ഇടം ലഭിക്കാന്‍ സഹായകമാവും.
നാം ഒരുമിച്ച് വളരുന്നു എന്ന പ്രമേയത്തിലാണ് ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഫയല്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൗദി അറേബ്യ സമര്‍പ്പിച്ചത്. നൂതന രൂപകല്പനകളും സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ഒരുകൂട്ടം അത്ഭുതകരമായ സ്റ്റേഡിയങ്ങള്‍ സൗദി അറേബ്യയുടെ ഫയലില്‍ ഉള്‍പ്പെടുന്നുവെന്ന് ഫിഫ സാങ്കേതിക റിപോര്‍ട്ട് വ്യക്തമാക്കി. ലോകകപ്പിനായി സൗദി അറേബ്യ തയാറാക്കുന്ന സ്റ്റേഡിയങ്ങള്‍ പുനരുപയോഗ ഊര്‍ജം മുതല്‍ പുനരുപയോഗിക്കാവുന്ന നിര്‍മാണ സാമഗ്രികള്‍ വരെ, ഭാവിയിലെ സ്റ്റേഡിയം രൂപകല്പനകളും ഘടനകളും കൈകാര്യം ചെയ്യുന്ന രീതിയെ മാറ്റിമറിക്കുമെന്ന് ഫിഫ വിശേഷിപ്പിച്ചു.
റിയാദ്, ജിദ്ദ, അല്‍കോബാര്‍, അബഹ, നിയോം എന്നിവിടങ്ങളില്‍ 15 സ്റ്റേഡിയങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ഒരുക്കുന്നത്. ഇതില്‍ എട്ടെണ്ണം റിയാദിലാണ്. കിങ് സല്മാന് ഇന്റര്‍ നാഷനൽ സ്റ്റേഡിയം, ഖിദിയ പദ്ധതിയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് സ്റ്റേഡിയം, ദി ലൈന്‍ പദ്ധതിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന നിയോം സ്റ്റേഡിയം, ന്യൂ മുറബ്ബ സ്റ്റേഡിയം, റോഷന് സ്റ്റേഡിയം, തുവൈഖ് പര്‍വത കൊടുമുടികളിലൊന്നില്‍ സ്ഥിതി ചെയ്യുന്ന ഖിദിയയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് സ്റ്റേഡിയം, കിങ് ഫഹദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ബലദില്‍ നിര്‍മിക്കുന്ന സെന്‍ട്രല്‍ ജിദ്ദ സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയം, അറേബ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത് അല്‍കോബാറിലെ സൗദി അറാംകൊ സ്റ്റേഡിയം, ദക്ഷിണ സൗദിയില്‍ അബഹയിലെ കിംഗ് ഖാലിദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാവും ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.
ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന കിങ് സല്മാന് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിന് 93,000ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാവും.ദി ലൈന്‍ പദ്ധതിയുടെ ഭാഗമായി 350 ലേറെ മീറ്റര്‍ ഉയരത്തിലുള്ള നിയോം സ്റ്റേഡിയം ലോകത്തെ ഏറ്റവും സവിശേഷമായ സ്റ്റേഡിയമാകും. വി.ഐ.പികള്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഡെലിഗേഷനുകള്‍, പങ്കെടുക്കുന്ന ടീമുകള്‍, മീഡിയ പ്രഫഷണലുകള്‍, ആരാധകര്‍ എന്നിവര്‍ക്കായി 2,30,000 ലേറെ ഹോട്ടല്‍ മുറികള്‍,
പരിശീലനത്തിനായി നിയുക്തമാക്കിയ 72 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 15 നഗരങ്ങളിലെ 132 പരിശീലന ആസ്ഥാനങ്ങള്‍, റഫറിമാര്‍ക്കുള്ള രണ്ട് പരിശീലന കേന്ദ്രങ്ങള്‍ എന്നീ സൗകര്യങ്ങളും സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. 48 ടീമുകളുടെ പങ്കാളിത്തത്തോടെ ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യമായിരിക്കും സൗദി അറേബ്യ. ലോകകപ്പ് സംഘടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാണ് സൗദി അറേബ്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.