അണ്ടർ ഗ്രാജ്വേറ്റ് പാഠ്യക്രമത്തിൽ ക്വാണ്ടം ടെക്നോളജിയും താമസിയാതെ ഉൾപ്പെടുത്തുമെന്നു കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പും എഐസിടിഇയും പ്രഖ്യാപിച്ചു. അതിവേഗം വളർന്ന് ജനജീവിതത്തെ ഗണ്യമായി സ്വാധീനിക്കുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടം ടെക്നോളജി.
അണ്ടർഗ്രാജ്വേറ്റ് കരിക്കുലത്തിൽ സിദ്ധാന്തപഠനത്തോടൊപ്പം ലാബ് പരിശീലനവും അടങ്ങുന്ന മൈനർ ഉൾപ്പെടുത്തും. എല്ലാ ബിടെക് പ്രോഗ്രാമുകളിലെയും മൂന്നാമത്തെയോ നാലാമത്തെയോ സെമസ്റ്റർ മുതൽ ഇതുണ്ടാകും. മൈനറിൽ 6 കോഴ്സുകളിലായി തിയറിയും പ്രാക്ടിക്കലും അടക്കം ആകെ 18 ക്രെഡിറ്റുകൾ. ക്വാണ്ടം കംപ്യൂട്ടിങ്, ക്വാണ്ടം കമ്യൂണിക്കേഷൻസ്, ക്വാണ്ടം സെൻസിങ് & മെട്രോളജി, ക്വാണ്ടം മെറ്റീരിയൽസ് & ഡിവൈസസ് എന്നിങ്ങനെ 4 വെർട്ടിക്കലുകളുണ്ട്.ക്വാണ്ടം ബോധവൽക്കരണം, ബന്ധപ്പെട്ട ഗ്രന്ഥരചന, ലാബ് ഒരുക്കൽ മുതലായവ എഐസിടിഇയുമായി ചേർന്ന് ദേശീയ ക്വാണ്ടം മിഷൻ ഏർപ്പെടുത്തും.ഈ വിഷയത്തിലെ മൈനർ നിർബന്ധമാക്കും. ലാബ് പ്രാക്ടിക്കലിൽ അധ്യാപക ട്രെയ്നിങ് പ്രോഗ്രാമുകൾ ഏർപ്പെടുത്തുന്നതിനു പുതിയ സജ്ജീകരണങ്ങൾ വേണ്ടിവരും.
ഇതിനാവശ്യമായ സാമ്പത്തികസഹായം ദേശീയ ക്വാണ്ടം മിഷനിൽനിന്നു ലഭിക്കും. രാജ്യത്തായാലും വിദേശത്തായാലും തൊഴിൽമേഖലയിൽ ക്വാണ്ടം ടെക്നോളജിയിലെ അറിവ് പ്രയോജനം നൽകും. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ എഐസിടിഇയുടെ അധ്യാപക പരിശീലനപദ്ധതികളുമായി ഇത് ഏകോപിപ്പിക്കും.എൻജിനീയറിങ്ങിലെ ശ്രേഷ്ഠസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ തുടക്കം കുറിച്ചുകഴിഞ്ഞു. എഐസിടിഇയുടെ അംഗീകാരമുള്ള കൂടുതൽ സ്ഥാപനങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കും. കരിക്കുലം എഐസിടിഇ തയാറാക്കിയിട്ടുണ്ട്. ജൂലൈ മുതൽ മുൻനിര സ്ഥാപനങ്ങളിൽ ഇതു നടപ്പാക്കുമെന്ന് കൗൺസിൽ അറിയിച്ചു.
വിശദാംശങ്ങളും നിർദേശങ്ങളും യഥാസമയം https://www.aicte-india.org, https://dst.gov.in എന്നീ സൈറ്റുകളിൽ വരും.എന്താണ് ക്വാണ്ടം ടെക്നോളജി? പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ തുടങ്ങിയ സബ്–അറ്റോമിക് കണങ്ങളെക്കുറിച്ചുള്ള ഭൗതികശാസ്ത്രമേഖലയാണു ക്വാണ്ടം മെക്കാനിക്സ്. ഇതിന്റെ തത്വങ്ങൾ പ്രയോഗിക്കുന്ന സാങ്കേതികവിദ്യ ക്വാണ്ടം ടെക്നോളജി. ഇതിൽ ക്വാണ്ടം എന്റാംഗിൾമെന്റ്, ക്വാണ്ടം സൂപ്പർപൊസിഷൻ തുടങ്ങിയ തത്വങ്ങൾ ഉൾപ്പെടും.
അകലത്തിലാണെങ്കിലും പരസ്പരം ബന്ധിച്ച രണ്ട് ആറ്റങ്ങളുടെ നിലയെയാണ് ക്വാണ്ടം എന്റാംഗിൾമെന്റ് സൂചിപ്പിക്കുന്നത്. ഒരു ആറ്റത്തിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയാൽ മറ്റതിലും അവ ഉടൻ പ്രതിഫലിക്കും. ആശയവിനിമയത്തിെല സൈബർ–സുരക്ഷ ശക്തമാക്കാൻ ഇത് ഉപകരിക്കും. പുതിയ സാങ്കേതികവിദ്യകളിൽ പലതിലും ക്വാണ്ടം ടെക്നോളജിയുടെ പ്രയോഗമുണ്ട്. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പലതിന്റെയും കാര്യക്ഷമത ഈ സാങ്കേതികവിദ്യ മെച്ചപ്പെടുത്തും. ഈ മാറ്റം ഒന്നോ രണ്ടോ വർഷത്തിനകം വ്യാപകമാകുമെന്നാണു പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.