തൃശ്ശൂർ: കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ ഒല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഫർഷാദിനും സി.പി.ഒ.വിനീതിനും കുത്തേറ്റു.
എസ്.എച്ച്.ഒ.ക്ക് ഇടതു തോളിലും സി.പി.ഒ.ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയേയും രണ്ട് കൂട്ടാളികളേയും പോലീസ് പിടികൂടി. വ്യാഴാഴ്ച ആറരയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടാൻ പുറപ്പെട്ടത്.
പ്രതിയും കൂട്ടാളികളും അഞ്ചേരി അയപ്പൻകാവ് ഭാഗത്ത് ഒരു ഫാമിൽ ഒളിവിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്ക് പോകുകയായിരുന്നു. മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി. ഇതിനിടെയാണ് അനന്തു പോലീസിന് നേരെ കത്തി വീശിയത്.അനന്തുവിൻ്റെ പേരിൽ നിരവധി ക്രമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട്.
വിവരമറിഞ്ഞ് തൃശ്ശൂർ ഡി.ഐ.ജി തോംസൺ ജോസ്, സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ഒല്ലൂർ സ്റ്റേഷനിലെത്തി. കഴിഞ്ഞ ദിവസം ഇരവിമംഗലത്തു കാപ്പ നിയമം ലംഘിച്ച മനു എന്ന പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴടക്കിയത്. വീടിനുള്ളിൽ ഒളിച്ചിരുന്ന പ്രതി വീടിൻ്റെ മുകളിൽ പോലീസിനെ വെല്ലുവിളിച്ച് സമീപത്തെ വീടിൻ്റെ മേൽക്കൂരകളിലും കയറി അഭ്യാസപ്രകടനം നടത്തുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.