ന്യൂഡല്‍ഹി: ബി.ആര്. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി കോണ്‍ഗ്രസ്. മണിക്കം ടാഗോര്‍ എം.പി.യാണ് നോട്ടീസ് നല്‍കിയത്.
അമിത്ഷാ മാപ്പുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും വലിയ രാഷ്ട്രീയ വാഗ്വാദങ്ങളോടെ മുന്നേറുകയാണ്.ഇന്ത്യാ മുന്നണി എം.പി.മാര്‍ അമിത് ഷാ മാപ്പുപറഞ്ഞ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമുയര്‍ത്തി. പാര്‍ലമെന്റിന്റെ പ്രധാന ഗെയ്റ്റായ മകര്‍ ദ്വാറിന്റെ മതിലുകളില്‍ കയറിയായിരുന്നു പ്രതിഷേധം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധം നടത്തി. തുടര്‍ന്ന് മാര്ച്ചുചെയ്താണ് പാര്‍ലമെന്റ് കവാടത്തിന് മുന്നിലെത്തിയത്. ദളിതരെ പ്രതിനിധാനം ചെയ്ത് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീല വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്.
അതേസമയം കോണ്‍ഗ്രസ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. എം.പി.മാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധപ്രകടനം നടത്തി. അമിത് ഷാ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 'അംബേദ്കറെ അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല, അംബേദ്കര്‍ ഞങ്ങള്‍ക്ക് വഴികാണിച്ചുതന്നു, കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചു' എന്നെല്ലാമാണ് ബി.ജെ.പി. എം.പി.മാര്‍ ഉയര്‍ത്തിയ ബാനറുകളിലെ മുദ്രാവാക്യം. അംബേദ്കറെ അപമാനിച്ചത് കോണ്‍ഗ്രസാണ് എന്നാണ് ഭരണപക്ഷ എം.പി.മാരുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.