കോട്ടയം ; മൂന്നു വർഷത്തിലധികമായി തകർന്നു കിടക്കുന്ന കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ക്രിസ്മസ് ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി നാട്ടുകാർ.
റോഡിലെ കുഴികളിൽ വീണ് നടുവൊടിഞ്ഞെത്തുന്ന വാഹനയാത്രക്കാർക്ക് വിശ്രമിക്കാൻ റോഡിൽ കട്ടിലും റോഡ് നന്നാക്കാൻ പണമില്ലാത്ത സർക്കാരിനെ സഹായിക്കാൻ ഭിക്ഷയെടുക്കലും നടത്തിയാണ് നാട്ടുകാർ സമരം നടത്തിയത്. പ്രദേശവാസിയായ പി.എസ്. രഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്ത സമരം.25 ന് രാവിലെ 10.30 ന് കട്ടിലുമായെത്തിയ രഞ്ജു അലരി കമ്പനി പടിക്കു സമീപം തകർന്നു കിടക്കുന്ന റോഡ് ഭാഗത്ത് കട്ടിലും തലയണയും ഇട്ടു കിടപ്പായി.സമീപം തന്നെ റോഡിലെ കുഴികളിൽ വീണ് എത്തുന്നവർക്ക് വിശ്രമിക്കാനുള്ള കട്ടിൽ എന്ന ബോർഡും സ്ഥാപിച്ചു. തുടർന്ന് ബക്കറ്റുമായി ഭിക്ഷയെടുക്കലും തുടങ്ങി. സമരം ആരംഭിച്ചതോടെ നാട്ടുകാരും പിന്തുണയുമായെത്തി. ഒരു മണിക്കൂറിനു ശേഷം കടുത്തുരുത്തിയിൽ നിന്നും എസ്.ഐ. ശരണ്യ എസ്. ദേവന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി സമരക്കാരുമായി സംസാരിച്ച് സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്കു ശേഷം നാട്ടിലെ ചെറുപ്പക്കാർ സംഘടിച്ച് റോഡിലെ കുഴികളിൽ വാഴ നട്ടും, കുഴികളിൽ ക്രിസ്മസ് ട്രീ ഒരുക്കിയും പ്രതിഷേധിച്ചു.
സിപിഎം സമരം കടുത്തുരുത്തി, അറുനൂറ്റിമംഗലം റോഡ് നന്നാക്കാത്തതിന്റെ പേരിൽ വകുപ്പുകൾ തമ്മിലും രാഷ്ട്രീയ പാർട്ടികൾ തമ്മിലും പരസ്പരം പഴിചാരലും സമരങ്ങളും നടത്തുകയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പന്തം കൊളുത്തി സമരം നടത്തി. ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിലും ജല അതോറിറ്റി ഓഫിസിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി.
വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കണമെന്നും ജനങ്ങൾക്ക് യാത്രാ സൗകര്യം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ സമരം. രാവിലെ 10 ന് ആരംഭിച്ച ഉപരോധ സമരം 11.30 ന് സമാപിച്ചു. പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുൻപിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.വി.സുനിൽ ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി ഓഫിസിനു മുൻപിൽ നടന്ന സമരം സിപിഎം ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പ്രതിഷേധം
അറുനൂറ്റിമംഗലം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമരവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപള്ളി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും അനാസ്ഥ ആരോപിച്ചായിരുന്നു സമരം. മങ്ങാട്ടിൽ നിന്നു കടുത്തുരുത്തി വരെ നടത്തിയ പ്രതിഷേധ പന്തം കൊളുത്തി പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും നാട്ടുകാരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.