കാസർഗോഡ്;കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഐഎം നേതാക്കളുമടക്കം 24 പ്രതികളാണ് കേസിലുള്ളത്. സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്.
2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ ശരത്ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സിപിഐഎം പെരിയ ലോക്കൽ സെക്രട്ടറിയായിരുന്ന ഒന്നാംപ്രതി എ. പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപച്ചത്. അപകടം മണത്ത സർക്കാർ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
സിബിഐ അറസ്റ്റ് ചെയ്‌ത 10 പേരിൽ കെ.വി.കുഞ്ഞിരാമനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ 5 പേർക്കും ജാമ്യം ലഭിച്ചിരുന്നു. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉൾപ്പെടെ ബാക്കിയുള്ള അഞ്ചുപേർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. 2023 ഫെബ്രുവരിയിലാണു സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്.
വിചാരണ നടപടികൾ പൂർത്തീകരിച്ചു പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കു കടക്കുന്നതിനിടെ സിബിഐ കോടതി ജഡ്ജി കെ.കമനീഷ് സ്ഥലം മാറി. തുടർന്നു വന്ന ജഡ്ജി ശേഷാദ്രിനാഥനാണു തുടർനടപടികൾ പൂർത്തിയാക്കി വിധി പറയുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.