മുംബൈ: മഹാരാഷ്ട്രയിലെ സമാജ്‌വാദി പാർട്ടി ഘടകത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന യുബിടി വിഭാഗം നേതാവ് ആദിത്യ താക്കറെ.
സംസ്ഥാനത്തെ സമാജ് വാദി പാർട്ടി പലപ്പോഴും ബിജെപിയുടെ ബി ടീമിനെ പോലെയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ആദിത്യയുടെ വിമർശനം. മഹാവികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുന്നണിയിലെ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പ്രമുഖ പാർട്ടി നേതാവും സമൂഹവുമായ അബു അസ് മുന്നണി വിടുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ആദിത്യ വിമർശനം കടുപ്പിക്കുന്നത്. എന്നാൽ ദേശീയ തലത്തിൽ പ്രതിപക്ഷ മുന്നണിയിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാർട്ടിയേയും അഖിലേഷ് യാദവിനെയും കുറിച്ചല്ല താൻ പറഞ്ഞതെന്നും സംസ്ഥാന സാഹചര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും ആദിത്യ പിന്നീട് വിശദീകരിക്കുകയും ചെയ്തു.
തൻ്റെ പ്രതികരണം ഒരിക്കലും അഖിലേഷ് യാദവിനെ ഉൾപ്പെടുത്തിയതല്ല എന്നാണ് ആദിത്യ പറയുന്നത്. 'അഖിലേഷ് ജി പോരാടുകയാണ്... എന്നാൽ ഇവിടെ അവർ ചിലപ്പോൾ ബിജെപിയുടെ ബി ടീമിനെ പോലെയാണ് പെരുമാറുന്നത്, ഇതും നമ്മൾ കണ്ടിട്ടുള്ളതാണ്' ആദിത്യ താക്കറെ അബു ആസ്‌മിയെ ചൂണ്ടിക്കാട്ടി. ഇതോടെ മഹാ വികാസ് അഘാഡി സഖ്യത്തിലെ ഭിന്നതകൾ കൂടുതൽ വ്യക്തമായി വരികയാണ്.
ശിവസേനയുടെ ഹിന്ദുത്വ അജണ്ട ചൂണ്ടിക്കാട്ടിയാണ് അബു അസ്‌മി മുന്നണി വിടുകയാണെന്ന തീരുമാനം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പത്ര പരസ്യവും സോഷ്യൽ മീഡിയ പോസ്റ്റുമാണ് ആസ്‌മയെ പ്രകോപിപ്പിച്ചത്. ബാബറി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട പോസ്‌റ്റിൽ ഉദ്ധവിൻ്റെയും മകൻ ആദിത്യയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് അസ്‌മി മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
'ബാബറി മസ്‌ജിദ് തകർത്തവരെ അഭിനന്ദിച്ച് ശിവസേന (യുബിടി) ഒരു പത്രത്തിൽ പരസ്യം നൽകി. ഉദ്ധവ് താക്കറെയുടെ സഹായിയും മസ്‌ജിദ് തകർത്തതിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങൾ എംവിഎ വിടുകയാണ്. ഞാൻ (സമാജ്‌വാദി പാർട്ടി അധ്യക്ഷൻ) അഖിലേഷ് യാദവുമായി ചർച്ചയിലാണ്' അസ്‌മി അറിയിച്ചു.
ഇതിന് പിന്നാലെയാണ് ആദിത്യ ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നത്. ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമാനിന്നായിരുന്നു ആദിത്യ ഇന്ന് പറഞ്ഞത്. 'ഞങ്ങൾ ഹിന്ദുത്വവാദികളല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ഹിന്ദുത്വത്തിൻ്റെ ഹൃദയത്തിൽ രാമനും കൈകളിൽ കർമ്മവുമാണ്. ഞങ്ങളുടെ ഹിന്ദുത്വം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ്' ആദിത്യ പ്രതികരിച്ചു.
എന്നാൽ ആദിത്യയുടെ പ്രതികരണം മഹാവികാസ് അഘാഡിയിലെ അഭിപ്രായഭിന്നത കൂടുതൽ ശക്തമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സംസ്ഥാനത്ത് ഇരുനൂറിലധികം സീറ്റുകളുമായി ബിജെപി നേതൃത്വം നൽകിയ മഹായുതിയാണ് അധികാരത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് എംവിഎയിൽ ഭിന്നത രൂക്ഷമാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.