തിരുവനന്തപുരം ;സിപിഎം നിയന്ത്രണത്തിലുള്ള തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ നിന്ന് രണ്ടുകോടിയോളം രൂപ തട്ടിയെടുത്ത മൂന്നു നേതാക്കൾക്കെതിരെ ബാങ്ക് നൽകിയ പരാതി ഏഴുമാസമായി പൂഴ്ത്തിവച്ച് സിപിഎം സംസ്ഥാന നേതൃത്വം.
നേതാക്കളുടെ വെട്ടിപ്പു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കത്തു നൽകിയ ബാങ്ക് പ്രസിഡന്റായ നേതാവിനെ ബാങ്കിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കുകയും ചെയ്തു.പരാതിയുടെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നതാടെ സിപിഎം വെട്ടിലായി. മൂന്നു ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെ ബാങ്ക് പ്രസിഡന്റും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ജി.സതീശൻ നായർ എം.വി ഗോവിന്ദന് ജൂലൈ ഏഴിന് നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തായത്.ആരോപണവിധേയരായ സിപിഎം നേതാക്കളോട് ബാധ്യത തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട സതീശനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ബാങ്ക് ഭരണസമിതിയിൽ നിന്നും മാസങ്ങൾക്കു മുൻപ് ഒഴിവാക്കുകയും ചെയ്തിരുന്നു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്ക് എതിരെ കേസെടുത്തതിന് പിന്നാലെയാണ് വിവാദ രേഖ പുറത്തു വന്നതെന്നത് ശ്രദ്ധേയം. മധു പാർട്ടി സമ്മേളന ഫണ്ട് വെട്ടിച്ചെന്ന സിപിഎം പരാതിയിലാണ് ജാമ്യമില്ലാത്ത വകുപ്പിൽ കേസ്.ബെനാമി പേരുകളിൽ ലോൺ എടുത്തും ചിട്ടി പിടിച്ചും മൂന്നു നേതാക്കൾ നടത്തിയ അനധികൃത ഇടപാടുകളും ബാങ്കിനെ തകർക്കാൻ നടത്തിയ ഗൂഢാലോചനയും ആണ് കത്തിലെ ഉള്ളടക്കം.
ഒരു ഏരിയ കമ്മിറ്റി അംഗം 27 ചിട്ടികളിലായി 1.10 കോടിരൂപ പിടിച്ചെങ്കിലും ഒരു രൂപ പോലും തിരിച്ചടച്ചില്ല. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയായ ഭാര്യയുടെ ഒത്താശയോടെ ആയിരുന്നു ഇത്. മറ്റൊരു അംഗം 62 ലക്ഷം രൂപ ബെനാമി പേരിൽ ലോൺ എടുത്തു. വനിതാ നേതാവ് 28 ലക്ഷം രൂപയുടെ ചിട്ടി പിടിച്ചെങ്കിലും പണം അടച്ചില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കത്തിൽ.ബെനാമികളെ വച്ച് ബാങ്കിന്റെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന മൂന്നു നേതാക്കളെയും പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും കത്തിൽ ആവശ്യമുണ്ട്. പക്ഷേ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ നേതാവാണ് പുറത്തായത്.
മധു മുല്ലശേരി മുൻകൂർ ജാമ്യാപേക്ഷ നൽകി പോത്തൻകോട് ∙ സിപിഎം മുൻ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ഇതേ തുടർന്ന് മധു മുല്ലശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സാമ്പത്തിക ആരോപണം ഉന്നയിച്ച് നിലവിലെ മംഗലപുരം ഏരിയ സെക്രട്ടറി എം.ജലീലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.