അരുവിക്കുത്ത്: മുട്ടത്തെ യുണിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ 2 വിദ്യാർഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാലക്കുകിഴക്കേതിൽ അക്‌സാ റെജി (18) എന്നിവരെ വൈകിട്ട് അരുവി പള്ളിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു കണ്ടെത്തി. കോളേജിൽ നിന്ന് 3 കിലോ മീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം.
ഡോണൽ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30ന് നാട്ടുകാർ കണ്ടെത്തി. തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പോലീസും എത്തി കയത്തിൽ നിന്നും 50 മീറ്റർ താഴെ നിന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഈ തിരച്ചിലിലാണ് അക്‌സയെ കണ്ടെത്തിയത്. രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. രാവിലെ മുതൽ സഹപാഠികൾ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികളുടെ ഫോൺ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്നാണ് സൂചന. ഹോസ്റ്റലിൽ നിന്നും രാവിലെ പോയത് വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചു. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുത്തൊഴുക്കുള്ളതും നിരവധി കായങ്ങളുമുള്ള പ്രദേശമാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.