ചങ്ങനാശേരി: രോഗം അറിഞ്ഞപ്പോൾ ആദ്യം പകച്ചുപോയി. പിന്നെ, വേദനകള്‍ മറന്ന് ഒറ്റക്കെട്ടായിനിന്നു. ജീവിതം തിരിച്ചുപിടിക്കാൻ മൂവരും തോളോട് തോള്‍ ചേർന്നു.
ബാല്യത്തിന്റെ ചുറുചുറുക്കോടെ. സോണിയ ബെന്നി, മിനി ജിജോ, രാധിക റെജി. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളാണ് മൂവരും. നാലരപ്പതിറ്റാണ്ടിന്റെ സൗഹൃദയാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിധി അവരോട് ക്രൂരത കാട്ടി. മൂവർക്കും ബ്രസ്റ്റ് ക്യാൻസർ. പക്ഷേ, തളർന്നില്ല. പരസ്പരം കൂട്ടായി നിന്ന് പോരാടി. സൗഹൃദക്കരുത്തിന് മുന്നില്‍ ക്യാൻസർ തോറ്റുനിന്നു.2022ല്‍ സോണിയയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൂട്ടുകാരിക്ക് സാന്ത്വനമേകി ആശുപത്രിയിലടക്കം മറ്റു രണ്ടുപേരും ഒപ്പമുണ്ടായി. പിന്നാലെ രാധികയ്ക്കും തുടർന്ന് മിനിക്കും അസ്വസ്ഥതകള്‍ തുടങ്ങി. പരിശോധനയില്‍ ക്യാൻസറെന്ന് സ്ഥിരീകരണം. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം മൂവരും പരസ്പരം താങ്ങായും കരുതലായും ശുശ്രൂഷകരായും ഒപ്പം നിന്നു. ഒറ്റക്കെട്ടായി രോഗത്തിനെതിരെ പൊരുതി.
കുരിശുംമൂട് കേന്ദ്രീകരിച്ച് ക്യാൻസർ രോഗബാധിതർക്കും രോഗമുക്തരായവർക്കുമായി പ്രവർത്തിക്കുന്ന തണല്‍ എന്ന സംഘടനയും എഴുത്തുകാരി അഡ്വ. ലിജി മാത്യുവും പിന്തുണച്ചു. തുന്നല്‍ അറിയാവുന്ന മൂവരും ഇതുമായി ബന്ധപ്പെട്ട ചെറുസംരംഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
വേദനയില്‍ നിന്ന് കരുത്ത്
കീമോയ്ക്കും റേഡിയേഷനുമൊടുവില്‍ മുടി പൊഴിഞ്ഞു. മിനിക്കും സോണിയയ്ക്കും ശസ്ത്രക്രിയ വേണ്ടി വന്നു. രോഗത്തില്‍ നിന്ന് മുക്തമായെങ്കിലും മൂന്ന് മാസം കൂടുബോഴുള്ള പരിശോധനകളും ചികിത്സയും തുടരുന്നു. സോണിയ ചങ്ങനാശേരി വട്ടപ്പള്ളിയിലാണ് താമസം. ഭർത്താവ് പാര്യാപ്പിള്ളയില്‍ ബെന്നി ഓട്ടോഡ്രൈവറാണ്. ചെല്‍സി, സാനിയ, മുത്ത് എന്നിവരാണ് മക്കള്‍. മിനി പായിപ്പാട് കൊച്ചുപള്ളിയില്‍ താമസം.
ഭർത്താവ് കുളങ്ങര ജിജോ ചങ്ങനാശേരിയില്‍ കട നടത്തുകയാണ്. ആല്‍ബിൻ ജോസഫ് ഏക മകൻ. രാധിക ഇപ്പോള്‍ ആലപ്പുഴ മുട്ടാറിലാണ് താമസം. ഭർത്താവ് ചിറയില്‍ റെജി കൂലിപ്പണിക്കാരനാണ്. രേവതി, രാഹുല്‍ എന്നിവരാണ് മക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.