ഡല്‍ഹി : പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട്.
തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുള്‍പ്പെട്ട മെഡിക്കല്‍ ബോർഡിന്റെ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂർ സെൻട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുള്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ വിദഗ്ധർ, ന്യൂറോളജിസ്റ്റ് എന്നിവർ അടങ്ങുന്ന മെഡിക്കല്‍ ബോർഡാണ് അമീറുള്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. മാനസിക പ്രശ്നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുള്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്ല, ആത്മഹത്യ ചെയ്യാനുള്ള ആലോചനയില്ല, ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സംശയം പരിശോധനയ്ക്കിടെ അമീറുള്‍ ഇസ്ലാം പ്രകടിപ്പിച്ചതായും സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലുണ്ട്.
2017 മുതല്‍ തൃശ്ശൂർ വിയ്യൂർ സെൻട്രല്‍ ജയിലില്‍ കഴിയുകയാണ് അമീറുള്‍ ഇസ്ലാം. ആദ്യം പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിലായിരുന്നു ജോലി. പിന്നീട് നെയ്ത്ത് ജോലിയിലേക്ക് മാറി. നിലവില്‍ ജയില്‍ വളപ്പിലെ പച്ചക്കറി തോട്ടത്തിലാണ് ജോലി ചെയ്യുന്നത്. പ്രതിദിനം 127 രൂപയാണ് വേതനമായി ലഭിക്കുന്നത്. ജോലിയില്‍ കൃത്യമാണെന്നും ജയില്‍ സൂപ്രണ്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം നാലാം ക്ലാസ് വരെയാണ് പഠിച്ചത്. 2013-ല്‍ കേരളത്തില്‍ എത്തിയതു മുതല്‍ നിർമാണ മേഖലയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും സംസ്ഥാന സർക്കാർ മുഖേന സുപ്രീം കോടതിക്കു കൈമാറിയ റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തില്‍ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
തുടർന്ന് കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ റിപ്പോർട്ടുകള്‍ കൂടി പരിഗണിച്ചാകും വധശിക്ഷയ്ക്ക് എതിരേ അമീറുള്‍ ഇസ്ലാം നല്‍കിയ ഹർജി സുപ്രീം കോടതി പരിഗണിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.