കോട്ടയം:വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്തും കേരളത്തിൻ്റെ വിവിധ ഭാഗത്തും ചെറുതും വലുതുമായ ആഘോഷ പരിപാടികൾ നടന്നു വരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയ മാകുന്നത് കഴിഞ്ഞ വർഷം വൈക്കത്തു നടന്ന സംസ്ഥാന സർക്കാറിൻ്റെയും നാളെ (12/12/ 2024) നടക്കുന്ന തമിഴ്നാട് സർക്കാറിൻ്റെയും പരിപാടികളാണ്.
ഏറ്റവും ശ്രദ്ധേയമായ പരിപാടി എന്ന നിലയിലും രണ്ട് സംസ്ഥാന സർക്കാരുകൾ നടത്തുന്ന പരിപാടി എന്ന നിലയിലും ഈ രണ്ട് പരിപാടികളും വിലയിരുത്തപ്പെടേണ്ടതാണ്.കേരള, തമിഴ്നാട് സർക്കാരുകൾ നടത്തുന്ന പരിപാടി വൈക്കം സത്യാഗ്രഹചരിത്രത്തേയും അതിൻ്റെ ആശയത്തേയും അവഹേളിക്കുന്ന തരത്തിലാണ് ഈ പരിപാടകൾ ആസൂത്രണം ചെയ്യപ്പെട്ടത്.
സത്യാഗ്രഹ ചരിത്രവും സമര നായകരേയും പുതു തലമുറക്ക് പരിചയപ്പെടുത്തുന്ന തരത്തിലല്ല സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല ' വൈക്കം സത്യാഗ്രഹ 'ത്തിൻ്റെ ആശയത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഒരു നേതാവിൻ്റെ -തന്തൈ പെരിയാർ 'ഈ. വി. രാമസ്വാമി നായ്ക്കർ -സമര സാന്നിധ്യം പർവ്വതീകരിക്കുന്ന വിധമാണ് രണ്ട് സർക്കാരുകളും പരിപാടി സംഘടിപ്പിച്ചത്.
വൈക്കം സത്യാഗ്രഹം ആസൂത്രണം ചെയ്യപ്പെട്ടത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുംഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്നത്തെ കോൺഗ്രസ് അല്ല) നേതാവും ആയിരുന്ന റ്റി.കെ. മാധവനായിരുന്നു 603 ദിവസം നീണ്ടുനിന്ന ഈ നവോത്ഥാന പോരാട്ടത്തിൻ്റെ നെടുംതൂൺ. കെ.പി.കേശവമേനോനും, കെ. കേളപ്പൻ്റെയും മാർഗ്ഗനിർദ്ദേശവും സാനിധ്യവും സമരത്തിൻ്റെ മാറ്റ് കൂട്ടി. സവർണ്ണ മാടമ്പിമാരുടെ ക്രൂര മർദ്ദനം ഏറ്റ് മരണത്തിന് കീഴടങ്ങിയ ധീര ബലിദാനി ചിറ്റേടത്തു ശങ്കുപിള്ളയേയും, രണ്ട് കണ്ണുകളിലും പച്ച ചുണ്ണാമ്പെഴുതി ശിഷ്ടകാലം അന്ധരായി ജീവിക്കേണ്ടി വന്ന ആമയാടി തേവനേയും രാമൻ ഇള്ളയതിനേയും മറന്നാൽ പിന്നെ വൈക്കം സത്യാഗ്രഹത്തിന് ചരിത്രമുണ്ടൊ?
എല്ലാ വിഭാഗം ആളുകൾക്കും വൈക്കം ക്ഷേത്രത്തിൻ്റെ ചുറ്റുമുള്ള വഴിയിലൂടെ നടക്കാനുള്ള അവകാശത്തിനായി സംഘടിപ്പിക്കപ്പെട്ട വൈക്കം സത്യാഗ്രഹ ത്തോട് തിരുവിതാംകൂർ മഹാരാജാവും ഭരണകൂടവും സ്വീകരിച്ച അവഗണന മനോഭാവത്തിനെതിരെ വൈക്കത്തു നിന്നും തിരുവനന്ദപുരത്തേക്ക് 'സവർണ്ണ ജാഥ' സംഘടിപ്പിച്ച ഭാരത കേസരി മന്നത് പത്മനാഭനെ അവഗണിക്കുന്നത് നീതികേടല്ലേ.
ഇത്തരം നീതികേടുകളാണ് കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്ത്വത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ സാനിധ്യത്തിൽ കഴിഞ്ഞ വർഷം വൈക്കത്തുനടന്ന പരിപാടിയെന്ന് പറയാതെ നിർവ്വാഹമില്ല.
നാളെ (12/12/2024) തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാകട്ടെ 'വൈക്കം സത്യാഗ്രഹം' മുന്നോട്ടുവച്ച ആശയത്തെ അവഹേളിക്കുന്ന പരിപാടിയാണ്. തന്തൈ പെരിയാർ ഈ. വി. രാമസ്വാമി നായക്കരും അദ്ദേഹത്തിൻ്റെ ഭാര്യയും വൈക്കം സത്യാഗ്രഹ പന്തലിലെത്തുകയും അറസ്റ്റ് വരിക്കയും ചെയ്തവരാണ്. തന്തൈ പെരിയാർ സ്മാരകം ജീർണ്ണതമാറ്റി വീണ്ടും ഉത്ഘാടനം ചെയ്യുമ്പോളും നായ്ക്കരുടെ ഭാര്യ അവഗണിക്കപ്പെട്ടു.
ഇത് തമിഴ്നാട് സർക്കാറിൻ്റെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റയും സ്ത്രീവിരുദ്ധ മനോഭാവത്തിൻ്റെ ഭാഗമാകാം. വിഷയം സത്യാഗ്രഹ ആശയത്തെ അവഹേളിക്കുന്നു എന്നുള്ളതാണ്. തമിഴ്നാട് സർക്കാർ നവീകരിച്ച തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന പരിപാടി യെന്ന നിലയിലല്ല ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മറിച്ച് ' വൈക്കം സത്യഗ്രഹ ' ശതാബ്ദി ആഘോഷത്തിൻ്റെ സമാപനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പരിപാടി തമിഴ് നാട് സർക്കാർ സംഘടിപ്പിക്കുന്നതിലെ യുക്തി മനസിലാകുന്നില്ല. കാരണം വഴിനടക്കാനുള്ള അവകാശം ലക്ഷ്യം വച്ച് സംഘടിപ്പിക്കപ്പെട്ട സത്യാഗ്രഹത്തിൻ്റെ ആശയം കേവലം സഞ്ചാര സാതന്ത്യം ആയിരുന്നില്ല. ശ്രീനാരായണ ഗുരുദേവൻ്റെ അനുവാദ-അനുഗ്രഹതോടും മഹാത്മജിയുടേ പിന്തുണയോടെയും നടന്ന വൈക്കം സത്യാഗ്രഹം മുന്നോട്ടുവെച്ച ആശയം 'ഹൈന്ദവ നവോത്ഥാനം' തന്നെയായിരുന്നു. 1924 മാർച്ച് 30 ന് സമരം ആരംഭിക്കുന്നു. ആദ്യ സത്യഗ്രഹികൾ കുഞ്ഞാപി, ബാഹുലേയൻ, ഗോവിന്ദപണിക്കർ.
ഇവരെ യാദ്യശ്ചികമായി നിശ്ചയിക്കപ്പെട്ടതല്ല. പുലയ - ഈഴവ-നായർ വിഭാഗത്തിൽ പ്പെട്ടവർ എന്ന നിലയിൽ തന്നെയാവണം ഈ മൂവർ സംഘം തെരഞ്ഞെടുക്കപ്പെട്ടത്. മഹാത്മജി പറഞ്ഞത് ഈ സമരത്തിൽ നിന്ന്ഹിന്ദു സമൂഹത്തിന് പുറത്തു ള്ളവർ മാറിനിൽക്കണമെന്നാണ്. മാത്രമല്ല സമരത്തിൻ്റെ നേതൃത്ത്വത്തിൽ സവർണ്ണ വിഭാഗമെന്ന് ഗണിക്കപ്പെടുന്നവർ തന്നെ മുന്നിൽ നിൽക്കണം എന്നാണ്. സത്യാഗ്രഹികൾ കൊളുത്തി വച്ച നിലവിളക്കിൻ്റെ മുമ്പിൽ നിന്ന് 'ഞാനൊരു ഹിന്ദുവാ ണ് .......' എന്ന് തുടങ്ങുന്ന പ്രതിജ്ഞ ചൊല്ലിയ ശേഷമാണ് സമരത്തിൽ പങ്കെടുത്തത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇതൊരു ഹൈന്ദവ നവോത്ഥാന പരിശ്രമമാണെന്നാണ്.വൈക്കം സത്യാഗ്രഹം മുന്നോട്ട് വച്ച ഹൈന്ദവ നവോത്ഥാനം എന്ന ആശയത്തെ ഇന്നത്തെ തമിഴ്നാട് സർക്കാർ അംഗീകരിക്കുന്നുണ്ടോ എന്ന് എം.കെ. സ്റ്റാലിൻ വ്യക്തമാക്കണം. സമരത്തിൽ പങ്കെടുത്ത തന്തെെ പെരിയാറിൻ്റെ പിൻമുറ കാരുടെ സർക്കാറാണ് തമിഴ്നാട്ടിലുള്ളത് അതുകൊണ്ടാണ് ഈ പരിപാടി എന്നതാണ് നിലപാടെങ്കിൽ അതും വ്യക്തമാക്കണം. തന്തെെ പെരിയാർ ഈ . വി. രാമസ്വാമി നായ്ക്കർ സത്യഗ്രഹത്തിൽ പങ്കെടുക്കുമ്പോളും അദ്ദേഹം ആഹ്വാനം ചെയ്തത് ക്ഷേത്രങ്ങൾ തകർക്കപ്പെടേണ്ടതാണ്, വൈക്കം മഹാദേവ ക്ഷേത്രം തകർത്ത് അതുവഴിയാക്കി അതിലെ നടക്കണം എന്നായിരുന്നു.
മുഖ്യമന്ത്രി സ്റ്റാലിൻ്റെ മകനും ( സംസ്ഥാന മന്ത്രി) ഇതേ ആശയം ഏതാനും നാളുകൾക്ക് മുമ്പും പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ മലയാളി സമൂഹത്തിൻ്റെ മുമ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വ്യക്തത വരുത്തട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.