ന്യൂഡൽഹി: മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളിൽ ശവസംസ്‌കാര നടപടികൾ നടത്തുന്നത് കേരളാ നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഓർത്തോഡോക്സ് സഭ പരമാധ്യക്ഷൻ. പള്ളികൾക്കോ, സെമിത്തേരികൾക്കോ പുറത്ത് വച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്തുന്നവർക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകൾ നടത്താമെന്നും മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഓർത്തോഡോക്സ്-യാക്കോബായ സഭാ തർക്കത്തിൽ ഉൾപ്പെട്ട മലങ്കര സഭയുടെ പള്ളികളുടെ സെമിത്തേരികൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങൾ ഉപയോഗിക്കുന്നതിന് 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നൽകാൻ സുപ്രീംകോടതി മലങ്കര ഓർത്തോഡോക്സ് സഭയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളിലെ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നത് സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
സെമിത്തേരി നിയമത്തിന്റെ മൂന്ന്, ആറ് വകുപ്പുകൾ പ്രകാരം സംസ്കാര നടപടികൾ എങ്ങനെയാണ് നടത്തേണ്ടതെന്ന് വിശദീകരിച്ചിട്ടുണ്ട്. 2020 ലെ സെമിത്തേരി നിയമത്തിന്റെയും, 1934 ലെ സഭാ ഭരണഘടന പ്രകാരവും, പള്ളികളിലെ വികാരികൾ ശവസംസ്കാര രജിസ്ട്രി സൂക്ഷിക്കണം. മരിച്ചവരുടെ അടുത്ത ബന്ധുക്കൾ വികാരിയെ സമീപിച്ച് മരിച്ചവരുടെ വിശദാംശങ്ങൾ, മരണ കാരണം, എന്നിവ കൈമാറുമ്പോൾ അവ രജിസ്ട്രിയിൽ രേഖപെടുത്താറുണ്ടെന്ന് ഓർത്തോഡോക്സ് സഭാ വ്യക്തമാക്കി. മലങ്കര സഭയ്ക്ക് കീഴിലുള്ള സെമിത്തേരികൾ ഉപയോഗിക്കുന്നതിന് 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവോടെ യാക്കോബായ സഭ വൈദികർക്ക് പള്ളി സെമിത്തേരികളിൽ ശവസംസ്‌കാര ശുശ്രൂഷ ചടങ്ങുകൾ നടത്താൻ അവസരം ഒരുങ്ങുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഓർത്തോഡോക്സ് സഭയ്ക്ക് കീഴിയിൽ ഉള്ള സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയിലെ പൊതു സൗകര്യങ്ങൾ യാക്കോബായ വിഭാഗത്തിൽപ്പെട്ടവർക്കുൾപ്പടെ ആർക്കും ഉപയോഗിക്കാമെന്നും ഓർത്തോഡോക്സ് സഭാ പരമാധ്യക്ഷൻ സുപ്രീം കോടതിയെ അറിയിച്ചു. മലങ്കര സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കേണ്ടത് കേരള വിദ്യാഭ്യാസ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ആയിരിക്കണമെന്ന് കെ എസ് വർഗീസ് കേസിൽ പുറപ്പടിവിച്ച വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മലങ്കര സഭയുടെ കീഴിലുള്ള സ്‌കൂളുകളിലെ ഭരണ നിർവ്വഹണം കേരള വിദ്യാഭ്യാസ നിയമത്തിന്റെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. അതിനാൽ ആ സ്ഥാപനങ്ങളിലെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കാൻ 1934 ലെ മലങ്കര സഭാ ഭരണഘടന അംഗീകരിക്കണമെന്ന പ്രതിജ്ഞ നിർബന്ധമാക്കുന്ന വിഷയം ഉയരുന്നില്ലെന്നും ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ വ്യക്തമാക്കി.1934 ലെ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരിൽ സ്‌കൂളുകളിൽ ഒരാൾക്കും അഡ്മിഷൻ നിഷേധിച്ചതായി പരാതിയില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
1934 ലെ ഭരണഘടന അംഗീകരിക്കാത്തതിന്റെ പേരിൽ മലങ്കര സഭയ്ക്ക് കീഴിയിലുള്ള ആശുപത്രികളിൽ ആർക്കും ചികത്സ നിഷേധിക്കില്ല. മതവിശ്വാസം, ജാതി, എന്നിവയുടെ പേരിൽ ആശുപത്രികളിൽ ആർക്കും ചികത്സ നിഷേധിക്കില്ല എന്നും ഓർത്തോഡോക്സ് സഭാ അധ്യക്ഷൻ സുപ്രീം കോടതിയെ അറിയിച്ചു. 1934 ലെ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ നിഷ്കർഷിക്കാതെ ആശുപത്രികളിൽ പലർക്കും സൗജന്യ ചികിത്സ നൽകുന്നുണ്ട് എന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.