പ്രയാഗ് രാജ്:ലോകത്തിലെ ആത്മീയ ഗവേഷകരെയും ചിന്തകരെയും അത്ഭുതപ്പെടുത്തുന്ന ഭാരതത്തിലെ ഒരു കാര്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനമായ കുംഭമേളയിലെ ജനപ്രവാഹമാണ് അത്. അടുത്തവര്‍ഷം ജനുവരി 13-ന് ആരംഭിക്കുന്ന മഹാകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ 45 കോടി തീര്‍ഥാടകര്‍ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 45 കോടി മനുഷ്യര്‍ ഒരു പ്രദേശത്തേക്ക് പുണ്യസ്നാനത്തിനും പ്രാര്‍ഥനയ്ക്കുമായി എത്തുന്നു!
പ്രാര്‍ത്ഥനാനിരതരായ മനുഷ്യരുടെ ഒരു സമുദ്രമായി ഗംഗാതീരം മാറും എന്നര്‍ഥം. വിപുലമായ ഒരുക്കങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്നത്. 5,500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജില്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ ഈ വര്‍ഷവും ഉത്തര്‍പ്രദേശ് 2,500 കോടി രൂപ ബജറ്റില്‍ കുംഭമേളയ്ക്കായി നീക്കിവെച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വളരെ മുന്‍പേ തുടങ്ങി. പദ്ധതി പുരോഗതി വിലയിരുത്താന്‍ റെയില്‍വേ, പൊതുമരാമത്ത്, ജലവിതരണം, വൈദ്യുതി വകുപ്പ് എന്നിങ്ങനെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ വകുപ്പുകള്‍ ഒത്തുചേര്‍ന്ന അവലോകനയോഗങ്ങളും നടക്കുന്നു.2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. മനുഷ്യരാശിയുടെ വിവരിക്കാകാത്ത പൈതൃകം എന്നാണ് യുനെസ്കോ കുംഭമേളയെ വിശേഷിപ്പിച്ചിട്ടുള്ളത്. കുംഭമേളയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, ഏറ്റവും ചരിത്രമുള്ള മതാഘോഷം, വിപുലമായ ഒരുക്കങ്ങള്‍, ദര്‍ശനിക മാനം എന്നിവ അതില്‍പ്പെടുന്നു. 2019-ല്‍ പ്രയാഗ് രാജില്‍ നടന്ന അര്‍ധ കുംഭമേളയില്‍ 20 കോടിയോളം ആളുകള്‍ പങ്കെടുത്തു എന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ തന്നെ, ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ എത്തിയവരുടെ എണ്ണം അഞ്ചുകോടിയായിരുന്നു.
കുംഭമേളയുടെ കാലയളവില്‍ വിശേഷദിവസങ്ങളിലെ പുണ്യമായ സ്നാനങ്ങളാണ് (ഷാഹി സ്നാന്) പ്രധാനം. പ്രയാഗ് രാജില്‍ യമുനയും സങ്കല്പനദിയായ സരസ്വതിയും ചേരുന്ന സംഗത്തിലാണ് സ്നാനം. ജനുവരി 13-ന് പൗഷ് പൂര്‍ണിമ, 14 മകര്‍ സംക്രാന്തി, 29 മൗന അമാവാസ്യ, ഫെബ്രുവരി മൂന്നിന് വസന്തപഞ്ചമി, നാലിന് അച്ഛലാ സപ്തമി, 12-ന് മാഘപൂര്‍ണിമ, 26-ന് മഹാശിവരാത്രി എന്നിങ്ങനെയാണ് ക്രമം.
പാലാഴി മഥനത്തിന്റെ പുരാണ കഥയുമായി ബന്ധപ്പെട്ടതാണ് കുംഭമേളയുടെ ഐതിഹ്യം. എക്കാലത്തും ഏറ്റുമുട്ടിക്കൊണ്ടിരുന്ന ദേവാസുരന്മാര് അമരത്വം നേടാന്‍ മോഹവുമായി ഒത്തുചേര്‍ന്നു. മരണത്തെ ജയിക്കാനുള്ള അമൃത് നേടുന്നതിനായി പാലാഴി കടഞ്ഞു. ഒടുവില്‍ ലഭിച്ച അമൃത കുംഭം കൈക്കലാക്കാനായി തര്‍ക്കമായി, യുദ്ധമായി. 12 ദിവസം അതു തുടര്‍ന്നു. അതിനിടെ കുംഭത്തില്‍നിന്ന് നാല് തുള്ളികള്‍ ഭൂമിയില്‍ പതിച്ചു. പ്രയാഗ് രാജ്, ഹരിദ്വാര്‍, നാസിക്, ഉജ്ജയിനി എന്നിവിടങ്ങളായിരുന്നു ആ സ്ഥലങ്ങള്‍. ആ സങ്കൽപ്പത്തിലാണ് ഈ സ്ഥലങ്ങളില്‍ കുംഭമേള നടക്കുന്നത്. ആറുവര്‍ഷം കൂടുമ്പോള്‍ അര്‍ധ കുംഭമേള, 12 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേള, 144 വര്‍ഷമാകുമ്പോള്‍ പൂര്‍ണ കുംഭമേള എന്നിങ്ങനെയാണ് കുംഭമേളകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയും യമുനയും സങ്കല്പ്പനദിയായ സരസ്വതിയും ഒത്തുചേരുന്ന സംഗത്തിലാണ് മേള. ഇഹ-പരലോകങ്ങളിലെ ഐശ്വര്യ പ്രാപ്തി, ജനി-മൃതികളുടെ ചക്രത്തില്നിന്ന് മോക്ഷം എന്നിവയ്ക്കായുള്ള പ്രാര്‍ഥനകള്‍ ഈ ദിനങ്ങളെ മന്ത്രമുഖരിതമാക്കും. പ്രഭാഷണങ്ങളും സംവാദങ്ങളുമെല്ലാം വിവിധ ദിവസങ്ങളിലായി നടക്കും.
കുംഭമേള ദിനങ്ങളില്‍ ലോകമെമ്പാടുംനിന്ന് ആളുകള്‍ ഒഴുകിയെത്തും. ഭാരതത്തിലെ വിദൂര ഗ്രാമങ്ങളില്‍നിന്നും ചെറുപട്ടണങ്ങളില്‍നിന്നും നഗരങ്ങളില്‍നിന്നും കോടിക്കണക്കായ മനുഷ്യര്‍, ഹിമാലയത്തില്‍നിന്ന് ഏകാന്ത താപസര്‍, സന്യാസ സംഘങ്ങളായ അഘാഡകളുടെ ഘോഷയാത്രകള്‍, ലോകത്തിന്റെ നാനാഭാഗത്തുനിന്നും കുഭമേളയുടെ രഹസ്യം തേടി വിദേശ സഞ്ചാരികള്‍... ഗംഗാതീരത്ത് ആ ദിനങ്ങളില്‍ വൈവിധ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാകും നടക്കുക. ഭാരതത്തിന്റെ ഒരു ചെറുപതിപ്പ് തന്നെ. ഉയര്‍ന്നു കേള്‍ക്കുന്ന നാമസങ്കീര്‍ത്തനങ്ങളില്‍ ഹിന്ദിയും സംസ്കൃതവും ബംഗാളിയും ഗുജറാത്തിയും മറാത്തയും തെലുങ്കും കന്നഡയും ഉള്‍പ്പടെ എല്ലാ ഭാഷകളും ഉണ്ട്. ഇത്രമേല്‍ ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യം ഉള്ള മറ്റൊരു മനുഷ്യസംഗമം ഇല്ല.
ആയിരത്താണ്ടുകളായി കുംഭമേള നടക്കുന്നുണ്ട്. എങ്ങനെയാണ് ഇത് വിദൂരങ്ങളിലുള്ള ആളുകള്‍ അറിഞ്ഞിരുന്നത്? പത്രങ്ങളും ടി.വിയും സോഷ്യല്‍ മീഡിയയും എന്തിന് കലണ്ടര്‍ പോലുമില്ലാതിരുന്ന കാലത്ത് എങ്ങനെ ഇത് നടന്നു? അതാണ് ഗവേഷകരുടെ അത്ഭുതം. ജ്യോതിഷത്തെ ആസ്പദമാക്കി ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ നോക്കിയാണ് ഇത് അക്കാലത്ത് തീര്‍ഥാടകര്‍ അറിഞ്ഞിരുന്നത്. സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും കുംഭമേള സുഗമമായി നടന്നു. ശാക്യന്മാരും മൗര്യന്മാരും ഗുപ്തന്മാരും മറാട്ടകളുമെല്ലാം നാടുവാണ് മറഞ്ഞു. തുടര്‍ന്ന് അധിനിവേശ ശക്തികളായി ഡല്‍ഹി സുല്ത്താന്മാരും മുഗള്‍ രാജവംശവും എത്തി. ഡച്ച്, പോര്‍ച്ചുഗീസ് ഇംഗ്ലീഷ് ആധിപത്യങ്ങളും വന്നു. ഇക്കാലമെല്ലാം കുംഭമേള ഒരു മഹാപ്രവാഹമായി തുടര്‍ന്നു. പല കാലങ്ങളില്‍ വിവിധ ഹിന്ദു ആചാര്യന്മാര് പല സംഘങ്ങളെ നയിച്ചു. അഘാഡകള്‍ അതില്‍ വലിയ പങ്കുവഹിച്ചു. ധര്‍മ്മ ബോധനത്തിന്റയും സംവാങ്ങളുടെയും വേദിയായി മേള മാറി.
2025-ല്‍ നടക്കുന്നത് ഡിജിറ്റല്‍ കുംഭ് ആണ്. കാലത്തിനൊപ്പം മാറിയ മേളയില്‍ എ.ഐ. പവേര്‍ഡ് ക്യാമറകള്‍, ഗൂഗിള്‍ അസിസ്റ്റഡ് നാവിഗേഷന്‍ എന്നിവ ഉണ്ടാകും. കൂട്ടം തെറ്റുന്നവരെ കണ്ടെത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കേന്ദ്രവും ഉണ്ട്. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ്ബോട്ടും ഇത്തവണ തീര്‍ഥാടകര്‍ക്ക് വഴികാട്ടും. ഡിജിറ്റല്‍ സഹയാത്രികനാണ് 'കുംഭ് സഹായക് ' എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ട്. ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ 10 ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സഹായകിനോട് ആശയ വിനിമയം നടത്താം.
ടെക്സ്റ്റ് ചെയ്തോ ശബ്ദത്തിലൂടെയോ ആശയസംവേദനം നടക്കും. പോകേണ്ട സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, പൂജാ സമയം പാര്‍ക്കിങ് സ്ഥലങ്ങള്‍, അവിടങ്ങളിലേക്കുള്ള വഴികള്‍ തുടങ്ങിയവയെല്ലാം ചോദിച്ചാല്‍ എ.ഐ. സഹായക് പറഞ്ഞു തരും. വിനോദസഞ്ചാരികള്‍ക്ക് പ്രയാഗ് രാജിനടുത്ത് പോകാവുന്ന ഇടങ്ങള്‍, താമസ സൗകര്യം എന്നിവയും അറിയാം. എ.ഐ. സഹായകില് എത്താന്‍ എളുപ്പമാണ്. മഹാകുംഭ് ഒഫീഷ്യല്‍ മൊൈബല്‍ ആപ്പില്‍ ഇതുണ്ട്. വാട്സപ്പില്‍ ഇതിലേക്ക് എത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.