തിരുവനന്തപുരം: ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (സിബിസിഐ) ആസ്ഥാനത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി കര്‍ദിനാള്‍മാരോടും ബിഷപ്പുമാരോടും ക്രിസ്തുവിനെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പ്രഘോഷിക്കുമ്പോള്‍ കേരളത്തിലെ നല്ലേപ്പിള്ളിയില്‍ അദ്ദേഹത്തിന്റെ സംഘബന്ധുക്കള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ താറുമാറാക്കി ക്രിസ്തുനിന്ദ നടത്തുകയായിരുന്നെന്നു ബിനോയ് വിശ്വം പറഞ്ഞു.
അഫ്ഗാന്, യെമന്‍ തടവറകളില്‍നിന്നും ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനെക്കുറിച്ചു വാചാലനാകുന്ന മോദി, ഇന്ത്യന്‍ തടവറയില്‍ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെപ്പറ്റി ഇന്നോളം ഒരു വാക്ക് മിണ്ടിയിട്ടില്ല. ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്റ്റാന്‍ സ്വാമിക്കു കുടിവെള്ളം പോലും കൊടുക്കാന്‍ കൂട്ടാക്കാത്ത ഭരണമാണു സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യയിലെമ്പാടും ക്രിസ്ത്യന്‍ പള്ളികളും കന്യാസ്ത്രീ മഠങ്ങളും ശ്മശാനങ്ങളും ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും അര്‍ഥപൂര്‍ണമായ മൗനമാണു ബിജെപി ഭരണകൂടം പുലര്‍ത്തുന്നത്.
ക്രിസ്ത്യാനികള്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്നു പഠിപ്പിക്കുന്ന വിചാരധാര പിന്തുടരുന്നവരാണു മോദിയും അദ്ദേഹത്തിന്റെ സംഘബന്ധുക്കളും. രാഷ്ട്രീയ കൗശലം മൂലം അവര്‍ എന്തെല്ലാം പറഞ്ഞാലും മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍നിന്നു ഭീതിയുടെ നിഴല്‍ മാഞ്ഞുപോവില്ല.
വര്‍ഗീയസംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോള്‍, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരസ്പരം കൊല്ലുന്ന മണിപ്പുരിലേക്കു 19 മാസമായി പ്രധാനമന്ത്രി പോയിട്ടേയില്ല. സിബിസിഐ ആസ്ഥാനത്ത് അദ്ദേഹം വാരിച്ചൊരിഞ്ഞ വാക്കുകളില്‍ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കില്‍ ഈ ക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി അദ്ദേഹം പോകേണ്ടതു മണിപ്പുരിലേക്കാണ്. അതിനു പ്രധാനമന്ത്രി തയാറുണ്ടോ?– ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.