തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഇടഞ്ഞ് ഇടതുമുന്നണിയുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോൺഗ്രസുമായി അടുക്കാനുള്ള നീക്കത്തില്‍. കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ തുടരുന്ന പി.വി.അന്‍വര്‍, തൃണമൂല്‍ എംപിമാരുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അൻവറിന്റെ ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ (ഡിഎംകെ) തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കാനാണു ശ്രമമെന്നാണ് വിവരം. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.
ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, അന്‍വറിനെ ഡിഎംകെയുടെ ഭാഗമാക്കാന്‍ വിസമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ്, സിപിഎമ്മുമായി അടുപ്പമില്ലാത്ത തൃണമൂലുമായി അടുക്കാനുള്ള ശ്രമം അന്‍വര്‍ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ അൻവറിന്റെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍.കെ.സുധീര്‍ മൂവായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ ചേർന്ന ശേഷമാണ് തൃണമൂലുമായി അന്‍വര്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്.
അതേസമയം, സ്വതന്ത്രനായി വിജയിച്ച അന്‍വര്‍ ഏതെങ്കിലും പാര്‍ട്ടിയിൽ അംഗമായാല്‍ അയോഗ്യത നേരിടേണ്ടിവരുമെന്ന വെല്ലുവിളിയും മുന്നിലുണ്ട്. ഇതു സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. എല്‍ഡിഎഫ് സ്വതന്ത്രനായാണ് അന്‍വര്‍ നിലമ്പൂരില്‍നിന്ന് ജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം. മറ്റൊരു പാര്‍ട്ടിയില്‍ ചേരാനോ പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗത്വമെടുക്കാനോ മുതിര്‍ന്നാല്‍ അയോഗ്യതയുണ്ടാകും. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഒരാള്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടമാകും. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കു പരാതി ലഭിച്ചാല്‍ അന്‍വറിനോടു വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അയോഗ്യനാക്കാം. അതേസമയം പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ അതിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിച്ചാല്‍ അയോഗ്യത ഒഴിവാക്കാന്‍ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.