തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബിപിഎലുകാര്‍ക്കും നിരക്കു വര്‍ധന ബാധകമാണ്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 എന്നീ വര്‍ഷളിലും താരിഫ് പരിഷ്കരണം നടത്തിയിരുന്നു.
വേനല്‍കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷന് അംഗീകരിച്ചില്ല. 2025-26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ധന ശുപാര്‍ശ ചെയ്തെങ്കിലും ശരാശരി 12 പൈസയുടെ നിരക്കു വര്‍ധന മാത്രമേ കമ്മിഷന് അംഗീകരിച്ചുള്ളു. 2026-27 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 9 പൈസയുടെ വര്‍ധന ശുപാര്‍ശ ചെയ്തെങ്കിലും കമ്മിഷന് പരിഗണിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിത ഉപയോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി നിര്‍ദേശവും കമ്മിഷന് തള്ളി. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവരുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല.
യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു കെഎസ്ഇബി ശുപാര്‍ശ നല്‍കിയിരുന്നത്. വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. കീഴ്വഴക്കമനുസരിച്ച് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം.
വേനല്‍മഴ കാര്യമായി ലഭിക്കാത്തതിനാല്‍ ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞുത് ജലവൈദ്യുതോല്‍പ്പാദനം കുറച്ചു. അതേസമയം സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖല തന്നെ തകരാറിലാക്കുന്നവിധത്തില്‍ തരത്തില്‍ വൈദ്യുതി ഉപഭോഗം കൂടിയതിനെത്തുടര്‍ന്ന് വ്യവസായ-വാണിജ്യ ഉപയോക്താക്കാള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നിരുന്നു. ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് റദ്ദാക്കിയതാണ് മറ്റൊരു കാരണം. ഈ മേയില്‍ കരാര്‍ റദ്ദാക്കിയതോടെ ബോര്‍ഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടിരൂപയായി. കരാര്‍ റദ്ദാക്കിയത് കാരണം ആറരരൂപ മുതല്‍ എട്ടുരൂപ വരെ നല്കി കെഎസ്ഇബി വൈദ്യുതി വാങ്ങി.
വൈദ്യുതി ഉപയോഗത്തില്‍ നിലവിലെ റെക്കോര്‍ഡ് ഈ വര്‍ഷം മേയ് മൂന്നിനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 115.94 ദശലക്ഷം യൂണിറ്റ് അന്ന് കേരളം ഉപയോഗിച്ചപ്പോള്‍ അതില്‍ 93.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയായിരുന്നു. മേയില്‍ ആദ്യദിനങ്ങളില്‍ 90 ദശലക്ഷം യൂണിറ്റിന് മേല്‍ വൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന്റെയെല്ലാം ഭാരമാണ് വൈദ്യുതി നിരക്ക് വര്‍ധനയായി ജനങ്ങള്‍ വഹിക്കേണ്ടിവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.