തിരുവനന്തപുരം: മോഹന്‍ലാലിന്റെ ‘അയാള്‍ കഥ എഴുതുകയാണ്’ എന്ന സിനിമയിലെ രംഗങ്ങളുടെ തനിയാവര്‍ത്തനം പോലെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നടന്ന കസേരകളിയുടെ ക്ലൈമാക്സില്‍ കസേര കിട്ടിയത് ഡോ. ആശാദേവിക്ക്. കസേര പുതിയ ഡിഎംഒ ഡോ. ആശാദേവിക്ക് ആണെന്ന് ആരോഗ്യവകുപ്പ് മേധാവി അറിയിച്ചു.
ആശാദേവിയെ ഡിഎംഒ ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ ഡിഎച്ച്എസ് നിര്‍ദേശം നല്കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം 2 ഡിഎംഒമാരെയും അറിയിച്ചു. ഒരു മാസത്തിനകം 2 ഡിഎംഒമാരുടെയും ഭാഗം കേള്‍ക്കും. ഡിഎംഒമാരുടെ ട്രാന്‍സ്ഫര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പുതിയ സ്ഥലത്തു ജോലിയില്‍ പ്രവേശിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടു.കോഴിക്കോട് മെഡിക്കല്‍ ഓഫിസറുടെ കസേരയില്‍ ഒരേ സമയം 2 ഡിഎംഒമാര്‍ എത്തിയതോടെയാണ് ഇന്നലെ പ്രശ്നം ഉടലെടുത്തത്. ഇന്നു വീണ്ടും 2 ഡിഎംഒമാരും ഓഫിസിലെത്തി. ഇതോടെ ഡിഎംഒ ഓഫിസിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായി. കോടതി ഉത്തരവ് തനിക്ക് അനുകൂലമാണെന്ന് ഡോ. ആശാദേവിയും നിയമപരമായി താനാണു ഡിഎംഒ എന്ന് ഡോ.എന്‍.രാജേന്ദ്രനും ഉറച്ചുനിന്നു. ഡിഎംഒയുടെ കസേരിയില്‍ ആദ്യം കയറി ഇരുന്ന എന്‍.രാജേന്ദ്രന് മാറാന്‍ തയാറായില്ല. എതിര്‍വശത്തുള്ള കസേരയില്‍ ആശാദേവിയും ഇരിപ്പുറപ്പിച്ചു. ഇതോടെ രണ്ടുപേരും മുഖത്തോടു മുഖം നോക്കിയിരുന്ന അവസ്ഥയായി. ആരാണു യഥാര്‍ഥ ഡിഎംഒ എന്നറിയാത്തതിനാല്‍ ഫയലുകള്‍ ആര്‍ക്കാണ് കൈമാറേണ്ടതെന്നറിയാതെ ഓഫിസ് ജീവനക്കാര്‍ വട്ടം ചുറ്റി.
ഇന്നലെയും സമാന അവസ്ഥയായിരുന്നു. ഓഫിസ് സമയം കഴിയുന്നതുവരെ രണ്ടു പേരും ഓഫിസില്‍ ഇരുന്നു. ഈ മാസം 9ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കോഴിക്കോട്, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും 3 ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍മാരെയും സ്ഥലംമാറ്റി നിയമിച്ചിരുന്നു. 10ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറായി ഡോ. രാജേന്ദ്രനില്‍നിന്ന് ഡോ.ആശാദേവി ചുമതലയേറ്റെടുത്തു. പിന്നീട് സ്ഥലംമാറ്റ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് 12ന് സ്റ്റേ ഉത്തരവ് നേടി.
ആശാദേവി തിരുവനന്തപുരത്തുപോയ 13ന് രാജേന്ദ്രന് ഓഫിസിലെത്തി വീണ്ടും ഡിഎംഒ ആയി ചുമതലയേറ്റു. തുടര്‍ന്ന് ആശാദേവി അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്നു സ്റ്റേ ഉത്തരവിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപിച്ചു. അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കാതെ ഒരു മാസത്തിനുള്ളില്‍ പുതിയ ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി. തുടര്‍ന്നാണു ട്രൈബ്യൂണലില്‍നിന്ന് തനിക്ക് അനുകൂല ഉത്തരവുണ്ടെന്നറിയിച്ച് ആശാദേവി ഇന്നലെ ഓഫിസിലെത്തിയത്. എന്നാല്‍ നിയമപരമായി താനാണു ഡിഎംഒ എന്ന നിലപാടില്‍ ഡോ.രാജേന്ദ്രന് ഉറച്ചുനിന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.