മുംബൈ: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന പാർട്ടിയിൽ പദവികൾ ഒഴിഞ്ഞ് എം.എൽ.എ. ഭംടാര-പവനി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും മുതിർന്ന നേതാവുമായ നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. നിയമസഭാ അംഗത്വം രാജിവെച്ചിട്ടില്ല. ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ.
ഇത്തവണ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിഭർഭയിലെ 62 സീറ്റുകളിൽ 47 എണ്ണത്തിലും ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചിരുന്നു. മൂന്ന് തവണ എം.എൽ.എയായ ബോന്ദേക്കറിന് ഇത്തവണ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതുസംബന്ധിച്ച് ഏകനാഥ് ഷിൻഡെ, മുതിർന്ന നേതാക്കളായ ഉദയ് സാമന്ത്, ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ് മഹായുതി സർക്കാറിൽ 39 മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നാഗ്പുരിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 33 മന്ത്രിമാരും ആറ് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുഖ്യമന്ത്രി അടക്കം ബി.ജെ.പിക്ക് 17 കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമായി.
ഉപമുഖ്യമന്ത്രി ഷിൻഡെ അടക്കം ശിവസേനക്ക് ഒമ്പത് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം എൻ.സി.പിക്ക് എട്ട് മന്ത്രിമാരും ഒരു സഹമന്ത്രിയുമായി. 42 അംഗ മഹായുതി മന്ത്രിസഭയിൽ 20 പുതുമുഖങ്ങൾ ഇടം പിടിച്ചതോടെ പ്രമുഖർ പുറത്തായി. ബി.ജെ.പിയുടെ സുധിർ മുൻഗൻ തിവാർ, അജിത് പക്ഷത്തെ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ഷിൻഡെ പക്ഷത്തെ ദീപക് കസേകർ എന്നിവർ മന്ത്രിസഭയിലില്ല.
ബി.ജെ.പിയുടെ പങ്കജ മുണ്ടെ മന്ത്രിസഭയിൽ തിരിച്ചെത്തി. നിലവിൽ എം.എൽ.സിയാണ്. പങ്കജയുടെ സഹോദരൻ അജിത് പക്ഷത്തെ ധനഞ്ജയ് മുണ്ടെയും മന്ത്രിയാണ്. എല്ലാ സമുദായത്തെയും ജില്ലയെയും പരിഗണിക്കുമെന്നും രണ്ടര വർഷത്തിനുശേഷം മന്ത്രിമാർ മാറുമെന്നും അജിത് പവാർ അണികളോട് പറഞ്ഞു. തിങ്കളാഴ്ച ശീതകാല നിയമസഭ തുടങ്ങും. വകുപ്പുകളിൽ ധാരണയായതായും വീതിച്ചുനൽകുമെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.