തിരുവനന്തപുരം: 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തനിക്ക് ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് കെ. മുരളീധരൻ. ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ പേരിലാണ് പിന്തുണ ലഭിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി. 2016 വരെ കോൺഗ്രസിനെ പിന്തുണച്ചിരുന്നില്ല. 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസിനെ പിന്തുണക്കുക എന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
മലബാറിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണവുമായി ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വനിതാ പ്രവർത്തകർ ജനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യേണ്ടതാണെന്ന് അവർ വ്യക്തമാക്കിയതായും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.
'മലബാറില്‍ പ്രബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ പ്രസ്ഥാനങ്ങളുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടെയുള്ളവർ. അതിൽ ജമാഅത്തെ ഇസ്ലാമിലെ ഒരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ജനങ്ങൾക്കിടയിൽ ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്. അവർ എവിടെയും കമ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചില്ല. അവർ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കൃത്യമായ അവതരണം നടത്തി. എന്തെങ്കിലും സാധ്യത ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണെന്ന് അവതരിപ്പിച്ചു.
ഒരുഭാഗത്ത് ഭൂരിപക്ഷ വര്‍ഗീയത, ഹിന്ദുത്വ അജണ്ട. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയവാദികള്‍. ലോകം തന്നെ ഇസ്ലാമിക ലോകം വേണമെന്ന നിലപാടുള്ളവര്‍. അവര്‍ വളരെ ഫലപ്രദമായി മുസ്ലിം ഏകീകരണം സംഭവിക്കുന്ന വർഗീയവത്കരണത്തിന് വേണ്ടി കഴിയുന്ന രീതിയിൽ പ്രവർത്തിച്ചു. ലീഗിനെയും കോൺഗ്രസിനെയും ചേർത്ത് അവർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടു. ഇത് ദൂരവ്യാപകമായി ഫലമുളവാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ഉള്ളടക്കത്തെ തകര്‍ത്ത് ഈ വര്‍ഗീയ ശക്തികളെല്ലാം ചേര്‍ന്ന് യു.ഡി.എഫിനൊപ്പം നിന്നു. മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സാധാരണ മുസ്ലിംകൾ ഉൾപ്പെടെ നാളെ ഇതിന്റെ ഭാഗമായി രൂപപ്പെട്ട് വരുന്ന ഒരു ആശയതലത്തിൽ നിന്നും ദൂരവ്യാപകമായ ഫലമുളവാക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട. ലീഗ് ചെയ്യുന്നത് ഈ വര്‍ഗീയ ശക്തികളെ ഏകോപിപ്പിച്ച് മുന്നോട്ട് പോകാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് 2.8 ശതമാനം വോട്ട് കുറഞ്ഞിട്ടും യു.ഡി.എഫ് ജയിച്ചത്' -എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
അതേസമയം, പിണറായി വിജയന് മറുപടി പറഞ്ഞ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ, തെരഞ്ഞെടുപ്പിൽ പല തവണ സി.പി.എം പിന്തുണ ആവശ്യപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകളിൽ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. തന്‍റെ പൂർവ കാലത്തെ റദ്ദ് ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. മുസ് ലിം വിഭാഗത്തെ ഭീകരവത്കരിച്ച് ഭൂരിപക്ഷ ഹൈന്ദവ വോട്ട് ഏകീകരിച്ച് തങ്ങളുടെ അധികാര രാഷ്ട്രീയം നിലനിർത്താമെന്ന സ്വഭാവത്തോട് കൂടിയ അപകടകരമായ നീക്കമാണിത്. സംഘ്പരിവാർ പ്രചാരണം ഏറ്റുപിടിച്ചുള്ള ഈ അപകടകരമായ നീക്കം സി.പി.എമ്മിനോ കേരളത്തിനോ ഗുണകരമല്ലെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.