ന്യൂഡല്‍ഹി: ഒരുമാസത്തിലേറെയായി ഖനൗരി അതിര്‍ത്തിയില്‍ നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് പഞ്ചാബ് സര്‍ക്കാരിന് ഡിസംബര്‍ 31 വരെ സമയം നല്കി സുപ്രീംകോടതി.
സ്ഥിതിഗതികള്‍ വഷളാക്കിയതിനും വൈദ്യ സഹായം നല്‍കണമെന്ന മുന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും സര്‍ക്കാരിനെ രൂക്ഷമായി തന്നെ സുപ്രീംകോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.വിളകള്‍ക്ക് മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി നവംബര്‍ 26 മുതല്‍ ദല്ലേവാള്‍ ഖനൗരി അതിര്‍ത്തിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്.
അതേസമയം കര്‍ഷകരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വരുന്നതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയാത്തതെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദഗ്ധ സംഘം പ്രതിഷേധ സ്ഥലത്തെത്തി ദല്ലേവാളിനെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ശ്രമം നടത്തിയിരുന്നുവെന്നും വൈദ്യസഹായം നല്കാന് ശ്രമിച്ചിരുന്നുവെന്നും പഞ്ചാബ് അഡ്വ. ജനറല്‍ ഗുര്‍മീന്ദര്‍ സിങ് ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി.
ദല്ലേവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്ത കര്‍ഷക നേതാക്കള്‍ ആത്മഹത്യാ പ്രേരണകുറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കാത്ത കര്‍ഷക നേതാക്കള്‍ അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികളല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ദല്ലേവാളിന്റെ അവസ്ഥയില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ദല്ലേവാളിന് വൈദ്യ സഹായം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്തതിന് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടര്‍ ജനറലിനും നോട്ടീസ് അയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.