ന്യൂഡല്‍ഹി: മുസ്ലീം പള്ളിക്കകത്ത് കയറി ജയ്ശ്രീറാം വിളിക്കുന്നത് എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് സുപ്രീംകോടതി.
പള്ളിക്കകത്ത് ജയ്ശ്രീറാം വിളിച്ചെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.അവര്‍ ഒരു പ്രത്യേക മതത്തിന്റെ പേരോ വാക്യമോ വിളിച്ചു, അതൊക്കെയെങ്ങനെയാണ് കുറ്റകരമാകുന്നത്. ഹെയ്ദര്‍ അലി എന്നയാളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പള്ളിക്കുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നും ബെഞ്ച് പരാതിക്കാരനോട് ചോദിച്ചു.
അവരെല്ലാം സിസിടിവിയില്‍ ഉണ്ടെന്ന് നിങ്ങള്‍ പറയുന്നു, അകത്തേയ്ക്ക് വന്ന വ്യക്തികളെ ആരാണ് തിരിച്ചറിഞ്ഞത്. എഫ്ഐആര്‍ കുറ്റകൃത്യങ്ങളുടെ വിജ്ഞാന കോശമല്ലെന്നും കോടതി പറഞ്ഞു. ഹര്‍ജി ജനുവരിയില്‍ വീണ്ടും പരിഗണിക്കും.
2024 സെപ്തംബര്‍ 24നാണ് സംഭവം നടന്നത്. അജ്ഞാതരായ ചിലര്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പുത്തൂര്‍ കഡബ പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും മതവിഭാഗത്തിന്റെ മത വികാരത്തെ എങ്ങനെ വ്രണപ്പെടുത്തുമെന്നാണ് കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചത്.
എഫ്ഐആറില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രണ്ട് പേരെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാന നിലയെ ബാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.