ഡല്‍ഹി: പാർലമെന്റ് കവാടത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പരാതികള്‍ അന്വേഷിക്കാൻ ഡല്‍ഹി ക്രൈംബ്രാഞ്ച് ഏഴംഗ അന്വേഷണ സംഘം രൂപവത്കരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ അനുമതി തേടി പാർലമെന്റ് അധികൃതർക്ക് കത്ത് നല്‍കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.പരസ്പരം കൈയേറ്റം ആരോപിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും വ്യാഴാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ വെവ്വേറെ പരാതി നല്‍കിയിരുന്നു. സംഘർഷത്തില്‍ രണ്ട് എം.പിമാർക്ക് പരിക്കേറ്റത് കാണിച്ച് ബി.ജെ.പിയുടെ പരാതിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുറിവേല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
എ.സി.പി രമേഷ് ലാംബയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ ഇന്റർസ്റ്റേറ്റ് സെല്ലിനാണ് (ഐ.എസ്.സി) അന്വേഷണ ചുമതലയെന്ന് ഡി.സി.പി (ക്രൈം) സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു. സംഘർഷത്തെത്തുടർന്ന് ബി.ജെ.പി എം.പിമാർക്കെതിരായ കോണ്‍ഗ്രസ് പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ബി.ജെ.പി എം.പിമാർ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പിച്ചതായി പാർട്ടിയുടെ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പരാതിയിലും അന്വേഷണം നടക്കുമെന്ന് ഡി.സി.പി സെയിൻ പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ പരാതിയില്‍ തിടുക്കപ്പെട്ട് അന്വേഷണമാരംഭിച്ച പൊലീസ് തങ്ങളുടെ പരാതിയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻപോലും മടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഘർഷത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം. രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി വനിത എം.പിയുടെ പരാതി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എത്രയും പെട്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.