ചെന്നൈ: തിരുനെല്‍വേലി ജില്ല കോടതി പരിസരത്തുവെച്ച് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു.
തിരുനെല്‍വേലി പാളയംകോട്ട കീഴ്നടത്തം സ്വദേശി ഷണ്‍മുഖവേലിന്റെ മകൻ മായാണ്ടി എന്ന പല്ലു മായാണ്ടിയാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തോടനുബന്ധിച്ച് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂർവവൈരാഗ്യമാണ് കാരണം. 2023 ആഗസ്റ്റില്‍ കീഴ്നത്തത്തില്‍ പിന്നാക്ക സമുദായാംഗമായ രാജാമണിയെ (33) ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതില്‍ മായാണ്ടി, ഇസക്കി എന്നിവർ അറസ്റ്റിലായി. ഇതിലുള്ള പകവീട്ടലെന്ന നിലയിലാണ് ആക്രമണം നടന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് മായാണ്ടി.
ഒരു കേസിന്റെ വിചാരണക്കായി വെള്ളിയാഴ്ച സഹോദരൻ മാരിശെല്‍വത്തിനൊപ്പം ബൈക്കിലാണ് മായാണ്ടി കോടതിയിലെത്തിയത്.
കെ.ടി.സി നഗർ- തിരുച്ചെന്തൂർ റോഡിലെ കോടതിക്ക് മുന്നില്‍വെച്ച് കേരള രജിസ്ട്രേഷൻ കാറില്‍നിന്നിറങ്ങിയ സായുധസംഘത്തെ കണ്ടയുടൻ മായാണ്ടിയും മാരിശെല്‍വനും ബൈക്ക് ഉപേക്ഷിച്ച് ഓടി.
ഇവരെ പിന്തുടർന്ന സായുധ സംഘം മായാണ്ടിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കവേ സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകനും പൊലീസുകാരനും ചേർന്ന് സംഘത്തില്‍പ്പെട്ട കീഴ്നത്തം ഇന്ദിര കോളനി രാമകൃഷ്ണനെ കീഴടക്കി.
ഇയാളെ ചോദ്യം ചെയ്തും സി.സി.ടി.വി പരിശോധിച്ചുമാണ് മറ്റു പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ രാമകൃഷ്ണൻ, ശിവ, മനോരാജ്, തങ്ക മഹേഷ്, സുരേഷ്, മനോജ് എന്നിവരില്‍ നിന്ന് വടിവാളുകളും തോക്കും കാറും പൊലീസ് പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.