''ഹരിയാനയും ജമ്മു കശ്മീരും, മഹാരാഷ്ട്രയും-എന്തുകൊണ്ടാണ് കോൺഗ്രസ് ഇങ്ങനെ തോറ്റുകൊണ്ടിരിക്കുന്നത്..!

ഡൽഹി;ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആശ്വാസ്യപ്രദമായ പ്രകടനത്തിന് ശേഷം നടന്ന, മൂന്ന് സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. ആദ്യം ഹരിയാനയും ജമ്മു കശ്മീരും, ഇപ്പോള്‍ മഹാരാഷ്ട്രയും. ഏറെ സുപ്രധാനമായിരുന്ന ഈ ജനവിധികളില്‍ കോണ്‍ഗ്രസ് ഇത്രയ്ക്ക് നിലംപരിശായത് എങ്ങനെയെന്ന് പരിശോധിച്ചാല്‍ നമ്മളെത്തിച്ചേരുക, ഏതാണ്ട് സമാനമായ കാരണങ്ങളിലായിരിക്കും.

തിരിച്ചുവരുന്നു എന്ന് ജനം വിധിയെഴുതിയ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുത്തശ്ശി പ്രസ്ഥാനം അതേ ജനങ്ങളാല്‍ തന്നെ തഴയപ്പെടുകയാണോ? ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അടിത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് അതിനെ മൂലധനമാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇങ്ങനെ തോറ്റുകൊണ്ടേയിരിക്കുന്നത്?

ഹരിയാനയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ഏറെക്കുറെ സമാനമായ കാരണങ്ങളാണ്. അമിത ആത്മവിശ്വാസം, ഉള്‍ പാര്‍ട്ടി തര്‍ക്കം, സീറ്റ് വിഭജന തര്‍ക്കം, അങ്ങനെ തര്‍ക്കങ്ങളോട് തര്‍ക്കങ്ങള്‍.

ഈ മൂന്ന് സംസ്ഥാനങ്ങളിലും സഖ്യങ്ങള്‍ നേരിട്ട പ്രതിസന്ധി തലത്തൊട്ടപ്പന്‍ ആര് എന്നതിലെ ഈഗോ ക്ലാഷ് ആയിരുന്നു. ദേശീയതലത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാനി കോണ്‍ഗ്രസ് ആണെങ്കിലും പല സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അങ്ങനെയല്ല. എന്നിട്ടും, സഖ്യ സാധ്യതകള്‍ ആരായുമ്പോള്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മേല്‍ക്കോയ്മാ സമീപനം മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനവും, ആ സമയത്ത് കോണ്‍ഗ്രസിന് അനുകൂലമായി നിലനിന്നിരുന്ന ഒരു തരംഗവുമായിരുന്നു കോണ്‍ഗ്രസിനെ ഒരു വിലപേശല്‍ ശേഷിയിലേക്ക് എത്തിച്ചത്. എന്നാല്‍ ലോക്‌സഭയല്ല നിയമസഭ എന്ന് കോണ്‍ഗ്രസ് തിരിച്ചറിയുമ്പോഴേക്കും അതിന് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു.

പൂര്‍വ്വകാല തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മോശം പ്രകടനങ്ങള്‍ നടത്തിയ, എന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നു എന്നതായിരുന്നു ഒരു പ്രശ്‌നം. കശ്മീരിലും മഹാരാഷ്ട്രയിലുമായിരുന്നു ഈ പ്രശ്‌നം രൂക്ഷമായത്. 2000ന് ശേഷം കശ്മീരില്‍ കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിലും, സീറ്റുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരികയാണ് ഉണ്ടായത്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ശക്തി കേന്ദ്രങ്ങളിലെ സീറ്റുകളായിരുന്നു. ഇത് സഖ്യത്തിനുള്ളില്‍ തന്നെ വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരുന്നു. ഫലം വന്നപ്പോള്‍ 32ല്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്!

ഹരിയാനയിലും കോണ്‍ഗ്രസ് കനത്ത തോല്‍വിയാണ് നേരിട്ടത്. അമിത ആത്മവിശ്വാസത്തില്‍ പ്രാദേശിക കക്ഷികളുടെ പോലും സഖ്യം വേണ്ട എന്ന് തീരുമാനിച്ച് മത്സരിച്ച കോണ്‍ഗ്രസിനെ ചരിത്രപരമായ ഒരു അട്ടിമറിയായിരുന്നു ഹരിയാനയില്‍ കാത്തിരുന്നത്.

പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോര് കൂടി ആയിരുന്നു കോണ്‍ഗ്രസിനെ ഹരിയാനയില്‍ തോല്‍പ്പിച്ചത്. രണ്‍ദീപ് സിംഗ് ഹൂഡയും കുമാരി സെല്‍ജയും സുര്‍ജെവാലയും അടക്കമുള്ള നേതാക്കളുടെ മൂപ്പിളമ തര്‍ക്കങ്ങള്‍ ലക്ഷ്യമില്ലാത്ത ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയിരുന്നു. ദില്ലിയില്‍ വീശിയ കാറ്റില്‍ നമ്മളും തുഴഞ്ഞുപോകുമെന്ന് കരുതി, ഗ്രൗണ്ട് റിയാലിറ്റിയെ മറന്ന കോണ്‍ഗ്രസ്, അനുകൂല സാഹചര്യങ്ങളെ കളഞ്ഞുകുളിച്ച് ഹരിയാനയില്‍ തോറ്റു.

മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സീറ്റ് വിഭജനത്തിന് മുന്നേ തന്നെ ആര് മുഖ്യമന്ത്രിയാകും എന്നതിനെ ചൊല്ലിയായിരുന്നു മഹാ വികാസ് അഘാഡിയിലെ തര്‍ക്കം. ശരദ് പവാറിനെപ്പോലെയോ ഉദ്ധവ് താക്കറെയെ പോലെയോ ഒരു ജനകീയ നേതാവില്ലാത്ത, 2014ലെ മോദി തരംഗത്തിന് ശേഷം സീറ്റ് നിലകളില്‍ മെച്ചമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും അവകാശ വാദം ഉന്നയിച്ചതോടെ ആകെ പ്രതിസന്ധിയായി. സീറ്റ് വിഭജനം പോലും തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാന മണിക്കൂറുകളിലേക്ക് നീണ്ടു. വിമതരുടെ ശല്യം വേറെ. സഖ്യത്തിലും അതിന് പുറത്തും പ്ലാന്‍ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ മഹാരാഷ്ട്രയില്‍ തകര്‍ന്നടിഞ്ഞു.

ഇനി വരാന്‍ പോകുന്നത് ദില്ലിയും ബിഹാറുമാണ്. കോണ്‍ഗ്രസിനെയും ഇന്‍ഡ്യ സഖ്യത്തെയും സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള രണ്ട് സംസ്ഥാനങ്ങള്‍. ആം ആദ്മിയുടെ ശക്തി കേന്ദ്രമായ ദില്ലിയില്‍ സഖ്യം ഉണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിഹാറിലും വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകേണ്ടി വരും. ഹരിയാന, കശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ ദില്ലിയിലും ബിഹാറിലും കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !