ലണ്ടൻ; കഴിഞ്ഞ വാരാന്ത്യത്തിൽ വീശിയടിച്ച ‘ബെർട്ട്’ കൊടുങ്കാറ്റ് വിതച്ച കനത്ത നാശനഷ്ടങ്ങളും ദുരിതവും ഒഴിയും മുൻപ് മറ്റൊരു കൊടുങ്കാറ്റ് കൂടി യുകെയിലേക്ക് എത്തി. ‘കോനാൽ’ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും തെക്കൻ ഇംഗ്ലണ്ടിനും വെയിൽസിനും മുകളിലൂടെ കടന്നുപോയപ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ വിവിധ പ്രദേശങ്ങളിൽ സൃഷ്ടിച്ചു.
കോനാൽ കൊടുങ്കാറ്റ് നെതർലൻഡ്‌സിലേക്ക് നീങ്ങുമ്പോൾ ശക്തിപ്പെടുമെന്നാണ് യുകെയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് പ്രവചിച്ചിരുന്നത്. എന്നാൽ വരും ദിവസങ്ങളിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രവചനമുണ്ട്.മെറ്റ് ഓഫിസ് പുറപ്പെടുവിച്ച വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പരമാവധി കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. 152 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് ഇപ്പോൾ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ നിലവിലുള്ളത്. കോനാൽ കൊടുങ്കാറ്റ് ഇംഗ്ലണ്ടിന് മുകളിലൂടെ കടന്നുപോയപ്പോൾ ചില പ്രദേശങ്ങളിൽ ഏകദേശം 20 മുതൽ 50 മില്ലീമീറ്റർ വരെ മഴ പെയ്തു.എന്നാൽ ബെർട്ട് കൊടുങ്കാറ്റിന്റെ സമയത്ത് വെള്ളപ്പൊക്കമുണ്ടായ പല പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ബെർട്ട് കൊടുങ്കാറ്റ് കാര്യമായി ബാധിക്കാതിരുന്ന പ്രദേശങ്ങളിലാണ് കോനാൽ ബാധിക്കുവാൻ സാധ്യത എന്നാണ് മുന്നറിയിപ്പുകൾ നൽകിയിരുന്ന സൂചന. ലിങ്കൺഷെയർ, പീക്ക് ഡിസ്ട്രിക്റ്റ്, മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ കനത്ത മഴ ഉണ്ടാകും എന്നാണ് പ്രവചനം. നോർഫോക്ക്, സഫോൾക്ക്, എസക്സ്, കെന്റ്എന്നീ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെടും.
കഴിഞ്ഞ വാരാന്ത്യത്തിൽ ബെർട്ട് കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴയും ശക്തമായ കാറ്റും മൂലം വിവിധ പ്രദേശങ്ങളിൽ അഞ്ച് പേർ മരിച്ചിരുന്നു. വീടുകൾ, റോഡുകൾ, റെയിൽ പാളങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങുകയും ഗതാഗത തടസങ്ങൾ ഉണ്ടാവുകയും ചെയ്തു.
മിക്കയിടങ്ങളിലും ട്രെയിൻ സർവീസുകൾ റദ്ദാക്കപ്പെട്ടു. വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിന് അടിയിൽ ആയതിനെ തുടർന്ന് പല കമ്മ്യൂണിറ്റികളിലും ഇപ്പോഴും വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. അപ്പോഴാണ് കോനാലിന്റെ വരവ്. ഇത് ദുരിതവും നാശനഷ്‌ടങ്ങളും ഇരട്ടിയാക്കുമെന്നും കണക്കാക്കപ്പെടുന്നു. യുകെയിൽ മുൻപുണ്ടായ ആഷ്‌ലിക്കും ബെർട്ടിനും ശേഷം സീസണിലെ മൂന്നാമത്തെ കൊടുങ്കാറ്റ് ആണ് കോനാൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.