തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി.
കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ വമ്പൻ പടയൊരുക്കം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവർ കൈവിട്ടതോടെ സുരേന്ദ്രൻ പാർട്ടിയിൽ ഒറ്റപ്പെട്ടു. നിരവധി നേതാക്കളും പ്രവർത്തകരുമാണ് സുരേന്ദ്രനെതിരെ ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലുമെല്ലാമായി രംഗത്ത് വന്നത്. ഇതോടെ അധ്യക്ഷ സ്ഥാനം തന്നെ തെറിക്കുമന്ന അവസ്ഥയിലാണ് സുരേന്ദ്രൻ.
പാലക്കാട്ടെ തോൽവി സംബന്ധിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കെ സുരേന്ദ്രനോട് ചോദിക്കാനായിരുന്നു ഇന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും സുരേന്ദ്രൻ്റെ തലയിൽ കെട്ടിവച്ചുകൊണ്ടുള്ള മുരളീധരൻ്റെ പ്രതികരണം ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കുള്ള സൂചനയാണ്.
സി കൃഷ്ണകുമാർ അല്ല സ്ഥാനാർത്ഥി എങ്കിൽ വിജയം ഉറപ്പായിരുന്നു എന്നും പാർട്ടിയുടെ മേൽക്കൂരയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടാകുമെന്നുള്ള മുതിർന്ന നേതാവ് ശിവരാജൻ്റെ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.
ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും ജനങ്ങൾക്ക് താൽപ്പര്യമുള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖ്‌ഫ് പ്രോപ്പർട്ടി അല്ലെന്നും ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി പ്രതികരിച്ചു. ; സ്ഥാനാർത്ഥി നിർണയം പാളി എന്ന് പാർട്ടി നേതാക്കളെല്ലാം പരസ്യമായി വ്യക്തമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രൃത്വത്തിന് കത്തെഴുതുകയും ചെയ്തു.
എന്നാൽ, കെ സുരേന്ദ്രൻ തനിക്ക് താൽപ്പര്യമുള്ള സ്ഥാനാർത്ഥിയെ നിർത്തി. പ്രചാരണരംഗത്ത് നിന്ന് സുരേന്ദ്രൻ കുമ്മനമടക്കമുള്ള നേതാക്കളെ അകറ്റി നിർത്തിയെന്ന പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ പാർട്ടി പ്രവർത്തകരുടെ വോട്ടുകളടക്കം കുറഞ്ഞതിന് കാരണമായെന്നാണ് പഴി പറയുന്നത്. ബിജെപി പ്രവർത്തകരും വലിയതോതിൽ സുരേന്ദ്രനെതിരെ തിരിഞ്ഞിട്ടുണ്ട്. പാർടിയെ നശിപ്പിക്കാതെ ഇറങ്ങിപ്പോകൂ എന്നതിലാണ് സുരേന്ദ്രൻ്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമൻ്റുകൾ. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ കൊണ്ടുവരണമെന്നും അത് ശരിയാകില്ലെന്നുമുള്ള അഭിപ്രായങ്ങളും പ്രവർത്തകർ ഉയർത്തുന്നുണ്ട്.
എന്നാൽ കെ സുരേന്ദ്രൻ തോൽവിയുടെ പഠനം തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് പി രഘുനാഥൻ മേലാണ്. രഘുനാഥന് വീഴ്ച പറ്റി എന്നാണ് സുരേന്ദ്രൻ്റെ അഭിപ്രായം. ഏതായാലും ചൊവ്വാഴ്ച കൊച്ചിയിൽ നടക്കാനിരിക്കുന്ന നേതൃയോഗത്തിൽ കെ സുരേന്ദ്രനു നേരെ വലിയ തോതിൽ ആക്രമണം ഉണ്ടാകും. എം ടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കും. സന്ദീപ് വാര്യർ പാർട്ടി വിട്ടതിനടക്കം സുരേന്ദ്രന് മറുപടി പറയേണ്ടിവരും.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. വി മുരളീധരൻ കൂടി കൈവിട്ടതോടെ കെ സുരേന്ദ്രൻ്റെ അധ്യക്ഷ സ്ഥാനം തെറിക്കും എന്ന കാര്യം ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്യ പ്രതികരണം ശോഭാസുരേന്ദ്രൻ്റെ അധ്യക്ഷ മോഹത്തിന് തിരിച്ചടിയാകും. പ്രസിഡൻറ് സ്ഥാനത്തിനായി പി കെ കൃഷ്ണദാസ് എം ടി രമേശ് വിഭാഗവുമായി സജീവം ശക്തമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.