കോട്ടയം: ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.
എംജി സർവകലാശാലയിലെ 2023-24 വർഷത്തെ ഏറ്റവും മികച്ച നാഡീഷണൽ സർവ്വീസ് സ്കീം യൂണിറ്റിനുള്ള എവർ റോളിംഗ് ട്രോഫി പാല അൽഫോൺസ കോളേജിന്. ഇതേ കോളേജിലെ പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പുന്നത്താനത്തുകുന്നേൽ മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പലും ഡോ. സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വോളൻ്റിയർ ആയി ആശ വി. മാർട്ടിനെയും തിരഞ്ഞെടുത്തു.
വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.196 അഫിലിയേറ്റഡ് കോളേജുകളിലായി 282 യൂണിറ്റുകളും 282 പ്രോഗ്രാം ഓഫീസർമാരും 28200 വോളണ്ടിയർമാരുമാണ് സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിനുള്ളത്. പുരസ്കാരങ്ങൾ പിന്നീട് എൻഎസ്എസ് സംഗമത്തിൽ സമ്മാനിക്കുമെന്ന് കോഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ അറിയിച്ചു.
സമൂഹനന്മയ്ക്കുതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വച്ചതുകൊണ്ടാണ് അൽഫോൻസാ കോളേജ് മുൻപന്തിയിലെത്തിയത്. എല്ലാ പ്രവർത്തനങ്ങൾക്കും പൂർണമായ പിന്തുണയും പ്രോത്സാഹനവും സഹായവും നൽകി NSS നെ വളർത്തിയതിന് പ്രിൻസിപ്പാൾ റവ. ഷാജി ജോൺ ബെസ്റ്റ് NSS ഫ്രണ്ട്‌ലി പ്രിൻസിപ്പലായി തിരഞ്ഞെടുക്കപ്പെട്ടത്. ഭവനരഹിതരായ 34 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുത്തത് NSS ൻ്റെ അഭിമാനമാണ്. എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും പാലാ രൂപതാ ഹോം പ്രൊജക്ടുമായി സഹകരിച്ചാണ് ഇവ പൂർത്തിയാക്കിയത്.
വർഷങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങളും തടികളും ചപ്പുചവറുകളും അടിഞ്ഞു കിടന്നിരുന്ന ചെത്തിമറ്റം കളരിയമ്മാക്കൽ ചെക്ക് ഡാം വൃത്തിയാക്കാൻ അൽഫോൻസയുടെ പെൺപട ഇറങ്ങിയപ്പോൾ പാലാ മുനിസിപ്പാലിറ്റി മൂന്നേക്കാൽ ലക്ഷം രൂപ അനുവദിച്ച് മീനച്ചിൽ നദി സംരക്ഷണ സമിതിയും പാലാ പയനിയർ ക്ലബ്ബുമായി സഹകരിച്ച് പദ്ധതി വിജയിപ്പിച്ചു. 2018ലെ പ്രളയം മീനച്ചിലാറിൻ്റെ തീരത്ത് സമ്മാനിച്ച കാവാലിപ്പുഴക്കടവ് മിനി ബീച്ച് വൃത്തിയാക്കൽ കോളേജിലെ NSS വൊളൻറിയേഴ്സ് ഏറ്റെടുത്ത മറ്റൊരു ദൗത്യമായിരുന്നു.
ഓരോ മഴക്കാലത്തും അടിയുന്ന ചപ്പുചവറുകൾ മാറ്റി സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ആ സ്ഥലം മനോഹരമാക്കിയിടാൻ അൽഫോൻസാ കോളേജിലെ NSS എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. അവിടെയും ടൂറിസം വികസനത്തിനു വേണ്ടി അഡ്വ. മോൻസ് ജോസഫ് അഞ്ചു കോടി രൂപയും പഞ്ചായത്ത് ഒരു കോടി രൂപയും അനുവദിച്ചു.
പ്രോഗ്രാം ഓഫീസറായ ഡോ. സിമിമോൾ സെബാസ്റ്റ്യൻ കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ഡെ പരേഡ് ക്യാമ്പിൽ കേരള കണ്ടിൻജെൻ്റ് ലീഡറായി പങ്കെടുത്തിരുന്നു. ട്രിച്ചിയിൽ വച്ചു നടന്ന പ്രീ റിപ്പബ്ലിക് പരേഡ് ക്യാമ്പിലും പങ്കെടുത്തിരുന്നു. NSS വോളൻ്റിയർ സെക്രട്ടറിയായ ആൽഫിയ ഫ്രാൻസിസ് ഹിമാചൽ പ്രദേശത്ത് നടന്ന അഡ്വഞ്ചർ ക്യാമ്പിലും പങ്കെടുത്തു.
പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ, ബർസാർ റവ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള എന്നിവർ മാർഗ്ഗനിർദ്ദേശങ്ങളുമായി എപ്പോഴും കൂടെയുള്ളതാണ് ഞങ്ങളുടെ നേട്ടങ്ങളുടെ കാരണമെന്ന് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിമിമോൾ സെബാസ്റ്റ്യനും ഡോ. സി. ജെയ്മി അബ്രഹാമും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.