കാൻപുർ: ട്രാൻസ്ഫോർമർ മോഷ്ടിക്കാൻ ശ്രമിക്കവെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ഒപ്പമുള്ള സംഘാംഗങ്ങള്‍ നദിയിലെറിഞ്ഞു.
ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റിട്ടും ജീവനോടെയുണ്ടായിരുന്നയാളെയാണ് ഒപ്പമുണ്ടായിരുന്ന നാലുപേർ ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞത്.ഇയാള്‍ക്കായി നദിയില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, യുവാവിനെ നദിയിലെറിഞ്ഞ നാലുപേരില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കാൻപുരിലെ കേണല്‍ഗഞ്ജിലുള്ള ഹിമാൻഷു എന്ന 22-കാരനായ ആക്രി വ്യാപാരിക്കാണ് മോഷണശ്രമത്തിനിടെ ഷോക്കേറ്റത്. ട്രാൻസ്ഫോർമർ മോഷണക്കേസില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
ഷാൻ അലി, അസ്ലം, വിശാല്‍, രവി എന്നിവർക്കൊപ്പമാണ് ഹിമാൻഷു ഒക്ടോബർ 26-ന് മോഷണത്തിന് ഇറങ്ങിയത്. കാൻപുരിലെ ഗുരുദേവ് പാലസ് ഇന്റർസെക്ഷനിലെ ട്രാൻസ്ഫോർമർ മോഷ്ടിക്കാനാണ് ഇവർ പദ്ധതിയിട്ടത്. മോഷണത്തിനിടെ വൈദ്യുതി പ്രവഹിക്കുന്ന കേബിളില്‍ സ്പർശിച്ചതോടെയാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.
ഇതോടെ പരിഭ്രാന്തരായ നാലുപേരും കൈകാലുകള്‍ കെട്ടിയശേഷം പാലത്തില്‍ നിന്ന് ഹിമാൻഷുവിനെ ഗംഗാനദിയിലേക്ക് എറിയുകയായിരുന്നു. ഹിമാൻഷു തിരിച്ചെത്താതായതോടെ അമ്മ മഞ്ജു ദേവി പോലീസില്‍ പരാതി നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാൻ അലിയും അസ്ലമും വിശാലും പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിനിടെ ഇവർ ഉണ്ടായ കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറഞ്ഞു. സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച പോലീസ് പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ഹിമാൻഷുവിനായി നദിയില്‍ തിരച്ചില്‍ നടത്താൻ വിവിധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.