തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന നയം പിന്തുടരുന്ന പിണറായി സർക്കാരിന്റെ ഭരണം പിന്നോട്ടടിച്ച് സിവില്‍ സർവീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മെല്ലെപ്പോക്ക്.
ഉപതിരഞ്ഞെടുപ്പുകളുമായി മന്ത്രിമാർ പ്രചാരണത്തിലാണ്. മന്ത്രിമാരൊന്നും തലസ്ഥാനത്തില്ല. ഇതിനിടയിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരസ്യപ്പോര്.ഐ.പി.എസ് തലത്തിലെ അടി തെല്ല് ശമിച്ചപ്പോഴാണ് ഐ.എ.എസില്‍ മൂത്തത്. മുതിർന്ന ഉദ്യോഗസ്ഥനെ മനോരോഗിയെന്ന് പരസ്യമായി വിളിക്കുന്നിടം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ഭരണത്തെക്കുറിച്ച് പാർട്ടിക്കും മുന്നണിക്കും പോലും അത്ര മതിപ്പില്ല. അതിനാലാണ് ഭരണപരിചയമുണ്ടാക്കാൻ മന്ത്രിമാർക്ക് ചരിത്രത്തിലാദ്യമായി ഐ.എം.ജിയില്‍ പരിശീലനം നല്‍കിയത്. മുൻ മന്ത്രിമാരെയടക്കം പങ്കെടുപ്പിച്ചായിരുന്നു മന്ത്രിമാരെ ഭരണം പഠിപ്പിച്ചത്.
മന്ത്രിമാരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളായതിനാല്‍ പ്രൈവറ്റ് സെക്രട്ടറിമാരും പേഴ്സണല്‍ സ്റ്റാഫുകളും വകുപ്പു സെക്രട്ടറിമാരുമാണ് ഭരണം നടത്തുന്നത്. ഈ ഭരണപരിചയമില്ലായ്മ മുതലെടുത്താണ് ഐ.എ.എസുകാർ പരിധി വിട്ട് പെരുമാറുന്നത്.
സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകള്‍ തീർപ്പാക്കാനുണ്ടായിരിക്കെയാണ് ഐ.എ.എസുകാർ സ്വന്തം പണി ചെയ്യാതെ തമ്മിലടിയുമായി രംഗത്തെത്തിയത്. ഭരണസംവിധാനത്തില്‍ മുമ്പെങ്ങുമില്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടായിട്ടും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല.
അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം കലർത്തി വിമർശിച്ച കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്ത്, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും വെറുതേ വിട്ടില്ല.
ഹിന്ദു, മുസ്ലീം അടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി ഡല്‍ഹിയില്‍ അറിയിച്ച്, കേന്ദ്ര സർവീസില്‍ നിർണായക കസേര പിടിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണൻ ശ്രമിച്ചതിന് പിന്നാലെയാണ് പ്രശാന്തിന്റെ കൊട്ടാരവിപ്ലവം. ഭരണ ചക്രം മുന്നോട്ടു കൊണ്ടുപോകേണ്ട ഉദ്യോഗസ്ഥർ എല്ലാ സീമകളും ലംഘിക്കുമ്പോഴും മന്ത്രിമാരടക്കം മിണ്ടുന്നില്ല.
സംസ്ഥാനത്താകെ മൂന്ന് ലക്ഷത്തോളം ഫയലുകള്‍ തീർപ്പാവാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പലവട്ടം ഓർമ്മിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീർപ്പാക്കാൻ കർമ്മ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.
ഫയല്‍നീക്കം മാത്രമല്ല, ഭരണമാകെ മുടന്തി നീങ്ങുകയാണ്. പല വികസന പ്രവർത്തനങ്ങള്‍ക്കും വിഹിതം കൊടുത്തിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം തുടരുകയാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുക പാസാവണമെങ്കില്‍ ധനവകുപ്പിന്റെ അനുമതി വേണം. ക്ഷേമപെൻഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങളായി.
വയനാട് ദുരന്തമുണ്ടായി 100 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതബാധിതരുടെ കാര്യത്തില്‍ കൃത്യമായ തീർപ്പുണ്ടായിട്ടില്ല. കേന്ദ്രസഹായം നേടിയെടുക്കാനുള്ള തുടർ നടപടികള്‍ ചെയ്യേണ്ടതും ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.
വകുപ്പുകളില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഉപദേശം തേടി ധനവകുപ്പിലേക്ക് അയയ്ക്കുന്ന രീതി വർധിച്ചുവരുന്നു. ധനവകുപ്പ് ഉപദേശം കൊടുക്കുന്നതിനു പകരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
കാലതാമസത്തിന്റെ പ്രധാന കാരണം ഇതാണ്. പദ്ധതി നിർവഹണം പ്രായോഗികതലത്തിലേക്കു നീങ്ങണമെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്.
സർക്കാർ സർവീസില്‍ എത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമർഥരായി വാർത്തെടുക്കുന്ന സംസ്‌കാരം ഉയർന്ന ഉദ്യോഗസ്ഥരില്‍ മുൻപ് ഉണ്ടായിരുന്നു. അതിന് ഇപ്പോള്‍ മാറ്റം വന്നു. പുതിയവർ സ്വയം പഠിക്കട്ടെയെന്ന മനോഭാവം ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.