തിരുവനന്തപുരം: സംസ്ഥാനത്ത് വാട്സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പരാതി. ഏറ്റവും അടുത്ത സുഹൃത്തിന്റെയോ ബന്ധുവിന്റെയോ പങ്കാളിയുടെയോ നമ്ബരില്‍ നിന്നാകും ഒ.ടി.പി ചോദിച്ചുള്ള മെസേജ് വരിക.
രണ്ടാമതൊന്ന് ആലോചിക്കാതെ കൊടുത്താല്‍ അടുത്ത നിമിഷം മുതല്‍ വാട്സ്ആപ്പിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കും. പിന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്ക്കടക്കം ഉപയോഗിക്കുന്ന രീതിയിലേക്ക് സ്വന്തം വാട്സ്ആപ്പ് നമ്പര്‍ മാറുന്നത് നോക്കിനില്‍ക്കാനേ കഴിയൂ.ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ്പ് നമ്പരുകള്‍ തിരിച്ചെടുക്കുക പലപ്പോഴും പ്രയാസമാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരും പറയുന്നുണ്ട്.
തിരിച്ചെടുക്കുക പ്രയാസം
ഹാക്ക് ചെയ്തയുടനെ വാട്സ്ആപ്പിലെ സെക്യുരിറ്റി സെറ്റിംഗുകളില്‍ മാറ്റം വരുത്തുകയാണ് തട്ടിപ്പുകാരുടെ രീതി. ടൂ ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യുന്ന ഹാക്കര്‍മാര്‍ ലോഗ് ഇന്‍ ചെയ്യാന്‍ ആവശ്യമായ ഒ.ടി.പി മറ്റൊരു വ്യാജ ഇ-മെയിലിലേക്ക് വരുന്ന രീതിയിലാകും കാര്യങ്ങള്‍ നീക്കുക.
ഇതോടെ യഥാര്‍ത്ഥ ഉടമക്ക് വാട്സ്ആപ്പില്‍ ലോഗ് ഇന്‍ ചെയ്യാനോ വീണ്ടെടുക്കാനോ കഴിയാതെയാകും. ഇക്കാര്യത്തില്‍ കേരള പൊലീസിനെയും മെറ്റയെയും സമീപിച്ചെങ്കിലും നിരാശയാണ് ഫലമെന്നാണ് പലരുടെയും പരാതി.
ഗ്രൂപ്പിലുള്ളവരെയെല്ലാം ബാധിക്കും
ഒരു വ്യക്തിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അയാളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള മറ്റുള്ളവരെയും ലക്ഷ്യം വെക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രൂപ്പുകളില്‍ കടന്നുകയറി അംഗങ്ങളോട് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന സംഭവങ്ങളാണ് കൂടുതലും നടക്കുന്നത്. ഇതിന് പുറമെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിലേക്ക് വലിയ തുകകള്‍ നിക്ഷേപിക്കപ്പെടുകയും മിനിറ്റുകള്‍ക്കകം മുഴുവന്‍ പണവും പിന്‍വലിച്ച സംഭവവും പൊലീസ് അന്വേിക്കുകയാണ്. ഉടമയുടെ ഫോണിലുള്ള ഫോട്ടോ, വീഡിയോ എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.ഹാക്ക് ചെയ്തത് എങ്ങനെ മനസിലാക്കാം
അജ്ഞാത കോണ്ടാക്റ്റുകളില് നിന്നുള്ള സന്ദേശങ്ങള്‍ ഫോണിലേക്ക് വരുന്നത്, വായിക്കാത്ത സന്ദേശങ്ങള്‍ വായിച്ചതായി അടയാളപ്പെടുത്തിയത്, ആവശ്യപ്പെടാത്ത സ്ഥിരീകരണ കോഡുകളുടെ വരവ് എന്നീ വിചിത്രമായ സംഭവങ്ങള്‍ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവുകളിലൊന്നാണ്. പലപ്പോഴും, സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളുടെ അക്കൗണ്ടിലെ അസ്വാഭാവിക ചൂണ്ടിക്കാട്ടിയേക്കാം.
നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍, പണം ആവശ്യപ്പെടുന്നത്, തെറ്റായ ലിങ്കുകള്‍ തുടങ്ങിയ സംഭവങ്ങള്‍ സുഹൃത്തുകളാരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ നിസാരമായി എടുക്കരുത്. ചിലപ്പോള്‍ പ്രൊഫൈലിലെ വിവരങ്ങളിലും ഹാക്കര്‍മാര്‍ കൈവെക്കും.
പ്രൊഫൈലിലെ വിവരങ്ങള്‍ മറ്റാരെങ്കിലും മാറ്റിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അവഗണിക്കരുത്. സമ്മതമില്ലാതെ മറ്റൊരു ഡിവൈസില്‍ നമ്മുടെ വാട്സ്ആപ്പ് ലോഗിന്‍ ചെയ്തതായി കണ്ടെത്തുക, ഫോണ്‍ അസാധാരണമായി സ്ലോ ആകുക തുടങ്ങിയവ ഹാക്ക് ചെയ്തപ്പെട്ടതിന്റെ ലക്ഷണങ്ങളാണ്.
വാട്സാപ്പില്‍ സേഫാകാന്‍ ഇങ്ങനെ ചെയ്താല്‍ മതി
ഒരിക്കലും ഒ.ടി.പിയോ ടൂ സ്റ്റെപ്പ് വെരിഫിക്കേഷന് പിന് നമ്പരോ മറ്റാരുമായും പങ്കുവെക്കരുത്
ലിങ്ക്ഡ് ഡിവൈസ് സെഷന് ഇടക്കിടക്ക് പരിശോധിക്കുക, മറ്റേതെങ്കിലും ഡിവൈസുകള്‍ സമ്മതമില്ലാതെ നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
നിലവിലെ മിക്ക ഫോണുകളിലെയും വാട്സ്ആപ്പ് പാസ്വേര്ഡ്, ബയോമെട്രിക് രീതികളിലൂടെ ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. മറ്റുള്ളവര്‍ വാട്സ്ആപ്പും ഫോണും ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ സഹായിക്കും.
ടു സ്റ്റെപ്പ് വെരിഫിക്കേഷന് പിന്, രജിസ്ട്രേഷന് കോഡ് എന്നിവ തിരുത്താനുള്ള ഇ-മെയില്‍ നിങ്ങള്‍ ആവശ്യപ്പെടാതെ എത്തിയാല്‍ ഒരിക്കലും അവ തുറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.