ശബരിമല പൊലീസ് ചീഫ് കോഡിനേറ്ററുടെയും സ്പെഷ്യല്‍ ഓഫീസറുടെയും സെലക്ഷന് ആര് നടത്തിയതായാലും അത് ഒരു തെറ്റായ നടപടിയായാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
പതിനെട്ടാം പടിയില്‍ നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദം സംഘപരിവാര്‍ സംഘടനകള്‍ക്കാണ് മുതലെടുപ്പിന് അവസരം നല്‍കിയിരിക്കുന്നത്. പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തത് തെറ്റായ നടപടിയാണ്.തിങ്കളാഴ്ചയാണ് വിവാദഫോട്ടോ എടുത്തത്. ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദവും പൊട്ടി പുറപ്പെട്ടിരിക്കുന്നത്.
തന്ത്രിയടക്കമുള്ള ആചാര്യന്മാര് പോലും നടയടച്ച് ഇറങ്ങുമ്പോള്‍ പുറകോട്ടാണ് ഇറങ്ങുന്നത്. ആചാര ലംഘനം നടത്തിയ ഉദ്യോഗസ്ഥന്മാര്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അയ്യപ്പ വിശ്വാസികളായ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് ഉദ്യോസ്ഥര്‍ക്ക് ഇങ്ങനെ ആചാരലംഘനം നടത്താന്‍ ഒത്താശ നല്‍കിയതില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവരും ആരോപിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ശബരിമലയിലെ പൊലീസ് ചീഫ് കോഡിനേറ്ററുടെ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത് സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും കുറ്റം സ്പെഷ്യല്‍ ഓഫീസറുടെ മാത്രം തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നാണ് പൊലീസിനുള്ളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. സംഭവത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ക്കും എഡിജിപിക്കും തുല്യ ഉത്തരവാദിത്തമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഫോട്ടോ ഷൂട്ട് വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവിക്കും ഇനി ഒഴിഞ്ഞ് മാറാന്‍ കഴിയുകയില്ല. കാരണം, ഡിജിപി ഉള്‍പ്പെടെ ‘ചില’ ഉന്നതകേന്ദ്രങ്ങള്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് ശ്രീജിത്തിന് പൊലീസ് ചീഫ് കോഡിനേറ്ററുടെ ചുമതല നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
മുന്‍പ് ശബരിമലയില്‍ യുവതികളെ ഹെല്‍മറ്റ് ധരിപ്പിച്ച് പ്രവേശിപ്പിച്ച എസ് ശ്രീജിത്തിനെ തന്നെ വീണ്ടും ശബരിമലയിലെ പൊലിസിന്റെ ചുമതല നല്‍കിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതൊരു തെറ്റായ തീരുമാനമായാണ് സി.പി.എം നേതാക്കളും വിലയിരുത്തുന്നത്.
ശബരിമല സംബന്ധമായി എന്ത് വിവാദമുണ്ടായാലും പഴയ യുവതി പ്രവേശന വിവാദം വീണ്ടും കുത്തിപ്പൊക്കി സര്‍ക്കാറിനെ കടന്നാക്രമിക്കാനുള്ള അവസരമാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇതോടെ ലഭിച്ചിരിക്കുന്നതെന്ന അഭിപ്രായമാണ് ഇടതുപക്ഷ നേതൃത്വത്തിനുമുള്ളത്.
പൊലീസ് ചീഫ് കോഡിനേറ്ററുടെ നിയമനം സംബന്ധിച്ച് അറിയില്ലെന്നും ഇതേ കുറിച്ച് തല്ക്കാലം ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് ഉന്നതനായ സി.പി.എം നേതാവ് പ്രതികരിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.