കൃഷ്ണഗിരി: കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം.
ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മുഖത്തും കഴുത്തിലും ഗുരുതരമായി പരുക്കേറ്റ കണ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഹൊസൂർ ടൗണ്‍ പോലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ മുമ്പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും അവ ഒത്തുതീർപ്പില്‍ എത്തിയിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
അക്രമത്തിന് പിന്നാലെ അഭിഭാഷകർ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു. ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്ക് വേണ്ടി നടപ്പാക്കിയതിന് സമാനമായി അഭിഭാഷകരെ സംരക്ഷിക്കുന്ന നിയമം വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി.
തഞ്ചാവൂരിലെ സർക്കാർ സ്കൂളില്‍ രമണി (26) എന്ന അധ്യാപികയെ കഴുത്തറുത്ത് കൊന്ന സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.