ശബരിമല: തീർത്ഥാടന വഴികളില്‍ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങള്‍ തടയാൻ പ്രത്യേക അനുഭവ പരിചയമുള്ള പൊലീസ് സ്‌ക്വാഡിനെ നിയോഗിച്ചതായി ശബരിമല സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസർ കെ.ഇ.ബൈജു അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവർത്തിച്ച് അനുഭവ പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ ടീമിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക സംസ്ഥാനങ്ങളില്‍ പോക്കറ്റടിപോലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം നേടിയവരാണിവർ.കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കുറ്റവാളികളെ എളുപ്പം തിരിച്ചറിയാനും നടപടികളെടുക്കാനും ഇതുവഴി കഴിയുമെന്ന് ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസർ പറഞ്ഞു. പോക്കറ്റടിയുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണിത്തവണ റിപ്പോർട്ട് ചെയ്തത്.
ഇത്തരം സംഭവങ്ങള്‍ കൂടുതലായി ഉണ്ടാകാറുള്ള അപ്പാച്ചിമേട് ഉള്‍പ്പെടെയുള്ള ഭാഗത്ത് പൊലീസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ പൊലീസിനെ അറിയിക്കണം.
അവയുടെ ലൊക്കേഷൻ കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള സംവിധാനം സന്നിധാനത്തെ പൊലീസ് സ്റ്റേഷനിലുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്ന ചുമതല ഇപ്പോള്‍ സെപഷ്യല്‍ ഓഫീസർക്കാണ്.
പതിനെട്ടാംപടിയിലെ മാറ്റങ്ങള്‍
45 പൊലീസുകാരെയാണ് പതിനെട്ടാംപടിയില്‍ ഭക്തരെ പടി ചവിട്ടാൻ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് സൗകര്യപ്രദമായി ജോലി ചെയ്യാനുതകുന്ന വിധത്തില്‍ ലാഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡ് ഇത് ഒരുക്കിയതോടെ കൂടുതല്‍ ഭക്തരെ ഒരേ സമയം പടി കയറ്റി വിടാനാകുന്നുണ്ട്. മുൻപ് ഒരു കൈ വടത്തില്‍ പിടിച്ച് മറുകൈ കൊണ്ടു വേണമായിരുന്നു പൊലീസുകാർക്ക് അയ്യപ്പൻമാരെ സഹായിക്കാനെങ്കില്‍ ഇപ്പോള്‍ രണ്ടു കൈ കൊണ്ടും പടികയറാൻ സഹായിക്കാൻ കഴിയുന്നു.
ഭക്തരുടെ പ്രദക്ഷിണ വഴിയില്‍ തടസം ഉണ്ടാക്കില്ല
സോപാനത്തിനു മുൻപിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ എതിർ ദിശയിലെത്തി ആരെയും ദർശനത്തിനനുവദിക്കില്ല. വി.ഐ.പി.കള്‍ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്‌ക്ക് സമാന്തരമായി മാത്രമേ ദർശന സൗകര്യമൊരുക്കുകയുള്ളൂ.
ശബരിമല സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു അഡീഷണല്‍ എസ്.പി., ഒരു എ.എസ്. ഒ. എട്ട് ഡിവൈ.എസ്.പി.മാർ എന്നിവർ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നു. 11 സർക്കിള്‍ ഇൻസ്‌പെക്ടർ മാർ , 33 സബ് ഇൻസ്‌പെക്ടർമാർ,980 പൊലീസുകള്‍ എന്നിവരും സംഘത്തിലുണ്ട്.
കൂടാതെ ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, സായുധ കമാൻഡർമാർ, എൻ.ഡി.ആർ.എഫ്. , ദ്രുതകർമ്മസേന തുടങ്ങിയവയും പ്രവർത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.