കാസർകോട്: 2006ല്‍ ഗോവയില്‍ വെച്ച് കൊല്ലപ്പെട്ട 13കാരിയുടെ മയ്യിത്ത് 18 വർഷങ്ങള്‍ക്ക് ശേഷം ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കി.
കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിശുമ്മയുടെയും മകള്‍ സഫിയയുടെ തലയോട്ടിയാണ് ബന്ധുക്കള്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കിയത്. പുത്തിഗെ മുഹിമ്മാത്തില്‍ അന്ത്യ കർമ്മങ്ങള്‍ക്ക് ശേഷം കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.മുഹിമ്മാത്ത് ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്കാരത്തിന് മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പല്‍ വൈ എം അബ്ദുല്‍ റഹ്മാൻ അഹ്‌സനി നേതൃത്വം നല്‍കി. കേസില്‍ തെളിവായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കള്‍ക്കു വിട്ടുനല്‍കാൻ കാസർഗോഡ് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
മകളെ മതാചാരപ്രകാരം ഖബറടക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ മാസമാണു സഫിയയുടെ മാതാപിതാക്കള്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറിനെ സമീപിച്ചത്. തുടർന്നു തലയോട്ടി വിട്ടുകിട്ടാൻ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹർജി നല്‍കി.
ജഡ്ജി സാനു എസ് പണിക്കരാണ് തലയോട്ടി മാതാപിതാക്കള്‍ക്കു നല്‍കാൻ വിധിച്ചത്. പിന്നീട് പിതാവ് മൊയ്‌തുവും, മാതാവ് ആയിഷുമ്മയും സഹോദരങ്ങളായ എസ് വൈ എസ് ഓഫീസില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അല്‍ത്താഫ്, മലപ്പുറം ഇഹ്‍യാഉസുന്ന വിദ്യാർത്ഥി മിസ്ഹബ്, അല്‍ത്താഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവരും ചേർന്ന് തലയോട്ടി ഏറ്റുവാങ്ങി.
കാസർഗോഡ് ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടകുന്ന്, മൂഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദല്‍ തങ്ങള്‍, അജിത് കുമാർ ആസാദ്, നാരായണ്‍ പെരിയ, അമ്ബലത്തറ കുഞ്ഞി കൃഷ്ണൻ, സുബൈർ പടുപ്പ്, അബ്ദുല്‍ ഖാദിർ അഷ്‌റഫ് എന്നിവരും കൂടെയുണ്ടായിരുന്നു.
സഫിയയുടെ മയ്യിത്ത് നിസ്കാരത്തിന് മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പല്‍ വൈ എം അബ്ദുല്‍ റഹ്മാൻ അഹ്‌സനി നേതൃത്വ നല്‍കുന്നു
ഗോവയില്‍ കരാറുകാരായ കാസർകോട് മുളിയാർ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ കെ.സി.ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കുമൊപ്പം വീട്ടുജോലി ചെയ്യുമ്പോള്‍ 13-ാം വയസ്സിലാണു സഫിയ കൊല്ലപ്പെട്ടത്.
2006 ഡിസംബറില്‍ ഇവർ കുട്ടിയെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തുകയും സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പാചകത്തിനിടെ കുട്ടിക്കു പൊള്ളലേറ്റപ്പോള്‍ ബാലപീഡനക്കേസ് ഭയന്നു കൊലപ്പെടുത്തി എന്നായിരുന്നു പ്രതികളുടെ കുറ്റസമ്മത മൊഴി.
ഗോവയില്‍ നിർമാണത്തിലിരുന്ന അണക്കെട്ടിനു സമീപത്തുനിന്ന് 2008 ജൂണ്‍ 5നാണ് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്. കുറ്റപത്രത്തിനൊപ്പം തലയോട്ടിയടക്കമുള്ള ശരീരഭാഗങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതി കെ.സി.ഹംസയ്ക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.