തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരെ സിപിഐ മുഖപത്രം. വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാത്തതിനാണ് വിമർശനം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസെടുക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് സിപിഐ മുഖപത്രം ഉയർത്തുന്നത്.
ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലീം വിദ്വേഷ വിഷം രാജ്യദ്രോഹ കുറ്റം ചുമത്താവുന്നതായിരുന്നു. ബിജെപി നേതാവ് ഗോപാലകൃഷ്‌ണന്റെ വാവർ പരാമർശത്തിലും പൊലീസ് കേസെടുക്കാത്തതിനെ പത്രം ചോദ്യം ചെയ്യുന്നുണ്ട്.
കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനൂപ് വിആർ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ പരാമർശം.
മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബിൽ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ പരാമർശം. സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാല കൃഷ്‌ണനും നടത്തിയത്.
പതിനെട്ടാം പടിക്ക് താഴെ ഇരിക്കുന്ന വാവർ, നാളെ അതും വഖഫ് ആണെന്ന് പറഞ്ഞ് വന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലകൃഷ്‌ണൻ പ്രസംഗിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.