തൃശൂര്‍: മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ വഖഫ് ബോര്‍ഡിന്റെ നിലപാടില്‍ തെറ്റില്ലെന്ന് സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. വഖഫ് ഭൂമി വഖഫ് ചെയ്ത ആവശ്യത്തിനുതന്നെ ഉപയോഗിക്കണം. ഇക്കാര്യത്തില്‍ ജംഇയ്യത്തുല്‍ ഉലമ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണ് എസ്.വൈ.എസിനും ഉള്ളതെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ വിഷയത്തില്‍ എന്താണോ ലക്ഷ്യം അതുതന്നെ നിറവേറ്റണം എന്നാണ് വഖഫ് പറയുന്നത്. അതിനാല്‍ ഈ നിലപാടില്‍ തെറ്റില്ല. വഖഫ് ആധികാരികമായി ഇസ്ലാമിക സംവിധാനമാണ്. വഖഫ് ചെയ്ത മുതല്‍ എന്തിനാണെന്ന് വഖഫ് ചെയ്ത ആള് തന്നെയാണ് വ്യക്തമാക്കേണ്ടത്. ആശുപത്രിക്ക് വേണ്ടി വഖഫ് ചെയ്ത ഭൂമിയില്‍ പള്ളി നിര്‍മിക്കാന്‍ സാധിക്കില്ല. റോഡിനുവേണ്ടി വഖഫ് ചെയ്ത ഭൂമിയില്‍ ആശുപത്രിയുണ്ടാക്കാനും കഴിയില്ല. എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് വഖഫ് ചെയ്തതെങ്കില്‍ അത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. അതാണ് വഖഫിന്റെ രീതി. വഖഫ് ചെയ്ത മുതല്‍ ശരിയായ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെങ്കില്‍ അത് തിരിച്ചെടുക്കാം.
വിദേശത്തേക്ക് വിദ്യാര്‍ഥികള്‍ കുടിയേറ്റം നടത്തുന്നത് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണെന്ന് അബ്ദുൽ ഹക്കീം അസ്ഹരി ചൂണ്ടിക്കാട്ടി. കേവലം പഠനാവശ്യത്തിന് പോവുകയല്ല, ശരിയായ കുടിയേറ്റം തന്നെയാണ് നടക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നവീകരണം കൊണ്ടുവരുകയാണ് ഇതിനുള്ള പരിഹാരം. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരണമെന്നും സ്കോളര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സെക്രട്ടറി സാദിഖ് മാസ്റ്റര്‍ വെളിമുറ, കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ല പ്രസിഡന്റ് അഫ്സല് തങ്ങള്‍ എന്നിവരും സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.