ഇംഫാൽ: സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നിലവിലെ ക്രമസമാധാനനില കണക്കിലെടുത്താണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
നവംബർ 16 മുതൽ രാവിലെ 5 മുതൽ രാത്രി 8 വരെ കർഫ്യൂവിൽ ഇളവ് നൽകി നവംബർ 15ന് അധികൃതർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ആരോഗ്യം, വൈദ്യുതി, മാധ്യമം, പെട്രോൾ പമ്പ്, വിമാന യാത്രക്കാർ, എയർപോർട്ട് എൻട്രി പെർമിറ്റ് (എ.ഇ.പി) കാർഡുള്ള കരാറുകാർ/തൊഴിലാളികൾ അടക്കമുള്ള അവശ്യ സേവനങ്ങളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, അഭയാർഥി ക്യാമ്പിൽ കുക്കികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണാതായ ആറ് പേരിൽ സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തീവ്രവാദികൾ തട്ടികൊണ്ടു പോയ മണിപ്പൂർ-അസം അതിർത്തിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. നവംബർ 11-ാം തീയതി ഒരു സംഘം ഭീകരർ ബോരേബേക്റയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു.
തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 11 ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ ക്യാമ്പ് ആക്രമിച്ച് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തട്ടികൊണ്ടു പോവുകയായിരുന്നു. ഇനിയും രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താനുണ്ട്.
മണിപ്പൂരിൽ കുക്കികളും മെയ്തേയികളും തമ്മിലുള്ള സംഘർഷം കഴിഞ്ഞ ഒന്നര വർഷമായി തുടരുകയാണ്. സംഘർഷത്തിന് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇനിയും സാധിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.