തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയും മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവർക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് മസ്റ്ററിങ് നടത്താൻ കഴിയുന്ന മേരാ ഇ-കെവൈസി ആപ് സംസ്ഥാനം ഉപയോഗിച്ച് തുടങ്ങി. ആപ്പ് ഉപയോഗിച്ച് വെറും അഞ്ച് സ്റ്റെപ്പുകളിലൂടെയാണ് റേഷൻ കാർഡ് മസ്റ്ററിങ് (e-KYC updation) പൂർത്തിയാക്കാനാവുക.
മേരാ ഇ-കെവൈസി ആപ്പിന്‍റെ പ്രവർത്തനം എങ്ങനെയാണെന്ന് നോക്കാം.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്യുക. പിന്നീട് സംസ്ഥാനം തെരഞ്ഞെടുക്കുക. ആധാർ നമ്പർ എന്‍റർ ചെയ്യുകയെന്നാണ് നാലാമത്തെ സ്റ്റെപ്പ്. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.
മേരാ ഇ-കെവൈസി ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മസ്റ്ററിങ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരമാണ് സൗജന്യമായി ലഭിക്കുക. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്നുണ്ടെങ്കിൽ ഇക്കാര്യം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫീസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.
നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റർ വികസിപ്പിച്ചെടുത്തതാണ് മേരാ ഇ-കെവൈസി ഫെയ്സ് ആപ്പ്. ഈ ആപ്പ് മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നവംബർ 30നുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എഎവൈ, പിഎച്ച്എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയാക്കുമെന്നും മന്ത്രി ജിആർ അനിൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നവംബർ 30 വരെ ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിൽ മസ്റ്ററിങ് സൗകര്യം മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ട വിരലടയാളം പതിയാത്ത അംഗങ്ങൾക്ക് ഐറിസ് സ്‌കാനർ (കണ്ണടയാളം ) ഉപയോഗിച്ചും ഫെയ്സ് ആപ്പ് വഴിയും ഇകെവൈസി മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിൽ നവംബർ 30 വരെ ഉണ്ടാകും.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മസ്റ്ററിങ്. ആധാറും റേഷൻ കാർഡും, ഫേസ് ആപ്പ് വഴിയുള്ള മസ്റ്ററിങ്ങിനായി ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണും കൊണ്ടുപോകണം.
അഞ്ചു വയസിന് താഴെ ഉള്ള കുട്ടികൾ ആധാർ അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം മസ്റ്ററിങ് ചെയ്യേണ്ടതാണ്. മരണപ്പെട്ട അംഗങ്ങളെ നീക്കം ചെയ്യാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അനർഹമായി മുൻഗണനാ റേഷൻ കൈവശം വെച്ചിരിക്കുന്നവർ ഓഫീസുമായും ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കണം. ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.