പട്യാല: അർബുദ ബാധിതയായ ഭാര്യയുടെ അതിജീവനം വിവരിച്ച് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. ഭാര്യ ഇല്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് കണ്ണീരോടെ പറഞ്ഞ സിദ്ദു അവൾ അർബുദത്തിൽ നിന്ന് അതിജീവിച്ചതിനെക്കുറിച്ചും പറഞ്ഞു. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' എന്ന പരിപാടിയിൽ വെച്ചായിരുന്നു സിദ്ദുവും ഭാര്യ നവജ്യോത് കൗർ സിദ്ദുവും തങ്ങൾ കടന്നുവന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് വിവരിച്ചത്.
നവജ്യോത് സിങ് സിദ്ദു, ഭാര്യ നവജ്യോത് കൗർ സിദ്ദു, ഹർബജൻ സിങ്, ഗീത ബസ്ര തുടങ്ങിയവരായിരുന്നു പരിപാടിയിൽ അതിഥികളായെത്തിയത്. പരിപാടി മുമ്പോട്ട് പോകവെ ആയിരുന്നു സിദ്ദുവിന്റെ ഭാര്യയുടെ അർബുദത്തെക്കുറിച്ച് കപിൽ സംസാരിച്ചു തുടങ്ങിയത്. നവജ്യോത് കൗർ സിദ്ദുവിന് കാൻസർ സ്ഥിരീകരിക്കുന്നത് സിദ്ദു ജയിലിൽ ഇരിക്കെയാണെന്നും ഇക്കാര്യം അറിയിക്കാതിരിക്കാൻ ഭാര്യ ശ്രമിച്ചുവെന്നും കപിൽ പറഞ്ഞു. തുടർന്നായിരുന്നു സിദ്ദുവും ഭാര്യയും തങ്ങൾ കടന്നു വന്ന പ്രതിസന്ധിയെക്കുറിച്ച് വാചാലരായത്.
'സിദ്ദു പാജിക്കും ഭാര്യയ്ക്കുമിടയിൽ വളരെ മനോഹരമായ ബന്ധമാണ്. തമാശകളും ചിരികളും നിറഞ്ഞ ജീവിതം. പക്ഷെ, ചിലപ്പോൾ അവർക്കിടയിൽ ഒരിക്കലും പങ്കുവെക്കപ്പെടാത്ത ചില കഥകളും ഉണ്ടാകാം. ഒരു സമയമുണ്ടായിരുന്നു, ഭാഭിക്ക് (നവ്ജ്യോത് കൗർ സിദ്ദു) അർബുദമാണെന്ന് തിരിച്ചറിഞ്ഞ കാലം. നിങ്ങൾ (സിദ്ദു) അന്ന് ജയിലിലായിരുന്നതിനാൽ അവർ അക്കാര്യം അറിയിച്ചില്ല. അതൊരു പരീക്ഷണ കാലമായിരുന്നു. അന്ന് ആ വാർത്തകൾ കാണുന്നത് തന്നെ ഞങ്ങളെ വല്ലാത്തൊരു അവസ്ഥയിലെത്തിച്ചു. ഇത്തരം ഒരു ഘട്ടത്തിലൂടെയാണ് നിങ്ങളുടെ പങ്കാളി കടന്നു പോകുന്നത് എന്ന കാര്യം എന്നെ അതിശയിപ്പിച്ചു. പാജീ, നിങ്ങളും ഭാഭിയും ശക്തരാണ്'- കപിൽ പറഞ്ഞു.
തുടർന്ന് വൈകാരികമായാണ് സിദ്ദു സംസാരിച്ചത്. 'എനിക്ക് അവളില്ലാതെ ജീവിക്കാൻ സാധിക്കില്ല. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയാണ് ജീവിച്ചിരിക്കുക. അത് വല്ലാത്തൊരു ഘട്ടമായിരുന്നു. എന്നാൽ അവൾ അതിശക്തയായിരുന്നു. എല്ലാം കുടുംബാംഗങ്ങളും അവൾക്കൊപ്പം നിന്നു. ഞാൻ തകർന്നുപോയനിമിഷം, എന്നാൽ അവൾ കീമോതെറാപ്പിയുടെ സമയത്ത് എല്ലാം വേദന പുറത്തറിയിക്കാതെ ധീരതയോടെ നേരിട്ടു. അവളുടെ കൈകൾ നോക്കൂ. കീമോ ചെയ്തതിന്റെ അടയാളങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും. ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച കാര്യമാണ് അത്. ഒറ്റ കാര്യം മാത്രമാണ് ഞാൻ ദേവിയോട് ചോദിച്ചത്, എന്റെ ജീവൻ എടുത്തോളൂ, അവളെ തിരികെ തരൂ...' - സിദ്ധു പറഞ്ഞു.
രോഗി സ്വയം ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് എന്തുചെയ്യാനാകും. അവരെ വിഷമിപ്പിക്കണം എന്നെനിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും ചിരിച്ചു കൊണ്ടേയിരുന്നുവെന്ന് നവജ്യോത് കൗർ സിദ്ദു മറുപടി പറഞ്ഞു. എന്നാൽ നീ ചിരിക്കുമ്പോഴൊക്കെ മുറിക്ക് പുറത്ത് ഞങ്ങൾ കരയുകയാണെന്ന് സിദ്ദു പറഞ്ഞു. 'സിറിഞ്ചുകൾ മാറ്റുമ്പോൾ, ഓരോ കീമോയ്ക്ക് ശേഷവും ഹോളിഡേ ആഘോഷം വാഗ്ദാനം ചെയ്യുമായിരുന്നു. അത് മനസ്സിനെ വഴിതിരിച്ചുവിടാൻ ഞങ്ങൾക്ക് ഏറെ സഹായകരമായി' - നവജ്യോത് കൗർ സിദ്ദു കൂട്ടിച്ചേർത്തു.
'ഇപ്പോൾ അവളെ നോക്കൂ. എത്രത്തോളം അവൾ മാറിയിക്കുന്നു. ഒരു ബക്കറ്റ് ഐസ്ക്രീം ഇപ്പോൾ അവൾ കഴിക്കും. എല്ലാ രാത്രികളിലും കുർകുറെ കഴിക്കും. ഇപ്പോൾ ഞങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. നാല് മാസങ്ങൾക്ക് ശേഷം ഞാൻ അവൾക്ക് ചായ ഉണ്ടാക്കിക്കൊടുത്തു. എങ്ങനെയാണ് സൊനാലി ബിന്ദ്ര, യുവരാജ് സിങ് തുടങ്ങിയർ കാൻസറിനെതിരേ പൊരുതിയത്. നിരവധി പേർക്കുള്ള ആത്മവിശ്വാസമാണ് അവർ അനുഭവിച്ച വേദന. എന്നെക്കാളും ശക്തയായ എന്റെ ഭാര്യയിൽ ഞാൻ അഭിമാനിക്കുന്നു'- സിദ്ദു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.