ന്യൂഡൽഹി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ചൈന നോട്ടമിട്ടുതുടങ്ങിയിട്ട് കാലമേറെയായി. ചൈനീസ് കടന്നുകയറ്റത്തെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ നാവികസേന സുസജ്ജവുമാണ്. എന്നാല്‍, മാറിവരുന്ന ലോകത്ത് കൂടുതല്‍ കരുത്തുള്ള പ്രതിരോധ ആയുധങ്ങള്‍ വേണ്ടിവരും. പ്രത്യേകിച്ച് മിക്ക ശാക്തിക രാജ്യങ്ങളും ആധുനിക ആയുധങ്ങളുടെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍. ഇപ്പോഴിതാ എതിരാളികളെ തകര്‍ക്കാനുള്ള പുതിയ ആയുധത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയവയെ തകര്‍ക്കാനുള്ള ഒരു ഡയറക്ട് എനര്‍ജി ആയുധമാണ് ഇന്ത്യ വികസിപ്പിക്കുന്നത്.
ചൈനയും അമേരിക്കയും ഇത്തരം ആയുധങ്ങളുടെ പിറകെയാണ്. അമേരിക്ക ഇതിന്റെ പരീക്ഷണഘട്ടത്തിലെത്തി നില്ക്കുന്നു. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാനുള്ള ഉന്നത ഊര്‍ജത്തിലുള്ള മൈക്രോവേവ് (ഹൈപവര്‍ മൈക്രോവേവ്) തരംഗങ്ങള്‍ പ്രയോഗിക്കുന്ന ആയുധമാണ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് ഹൈപവര്‍ മൈക്രോവേവ് ആയുധങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ട്.
ശത്രുലക്ഷ്യങ്ങളെ മറ്റ് ആയുധങ്ങളേക്കാള്‍ കൃത്യമായി ആക്രമിക്കാനാകുമെന്നതാണ് ഇത്തരം ആയുധങ്ങളുടെ പ്രത്യേകത. പെട്ടെന്ന് പ്രതികരിക്കാനും ശത്രുലക്ഷ്യങ്ങളെ പരാജയപ്പെടുത്താനും സാധിക്കും. മാത്രമല്ല, കുറഞ്ഞ ഊര്‍ജം മാത്രമേ ഇത്തരം ആയുധങ്ങള്‍ക്ക് ആവശ്യമായി വരികയുള്ളൂ. ആധുനിക സൈനിക സാങ്കേതികവിദ്യയില്‍ ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ ഇന്ന് വികസനത്തിന്റെ പലഘട്ടങ്ങളിലാണ്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും ഉയരാന്‍ പോകുന്നത്.
സാധാരണ യുദ്ധസമാനമായ സാഹചര്യത്തില്‍ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാനാണ് ഏത് സൈന്യവും ശ്രമിക്കുക. അതിനായി ഡ്രോണുകൾ ഉപയോഗിച്ചുള്ള കൂട്ടമായ ആക്രമണമാണ് നടത്തുക. യുക്രൈന് യുദ്ധത്തിലുള്‍പ്പെടെ ഈ രീതി കണ്ടതാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ നാശമുണ്ടാക്കാന്‍ ഇത്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധിക്കും. പരമ്പരാഗത പ്രതിരോധ ആയുധങ്ങള്‍ക്ക് കൂട്ടമായി വരുന്ന ഇത്തരം ആക്രമണങ്ങളെ പൂര്‍ണതോതില്‍ പരാജയപ്പെടുത്താനാകില്ല. പ്രതിരോധ സംവിധാനത്തിന്റെ പിഴവ് മുതലാക്കി അവ ആക്രമണം നടത്തും.
ഇന്ന് ഡ്രോണുകളുടെ ഉപയോഗം കരയിലും ആകാശത്തും സമുദ്രത്തിലും എത്തിനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈപവര്‍ മൈക്രോവേവ് ആയുധം നാവികസേനയ്ക്ക് വേണ്ടി വികസിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ നിലവില്‍ ഇത്തരത്തിലൊരു ആയുധം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രധാന പോരായ്മ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ മാത്രമേ ആക്രമിക്കാനാകു എന്നതാണ്. ഇത് വര്‍ധിപ്പിച്ച് അഞ്ച് കിലോമീറ്റര്‍ പരിധിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആക്രമണ പരിധി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ കൃത്യതയോടെ കൂടുതല്‍ ഡ്രോണുകളെയും ശത്രുവിന്റെ മിസൈലുകളെയും നിര്വീര്യമാക്കാനാകും. ഇതുവഴി ശത്രുവിന്റെ ആക്രമണത്തില്‍ നിന്നുണ്ടാകുന്ന നാശം പരമാവധി കുറയ്ക്കാനാകും. നാവികസേന യുദ്ധക്കപ്പലുകള്‍ക്ക് കൂടുതല്‍ മാരകമായ ആക്രമണം നടത്താന്‍ ഇതിലൂടെ സമയം ലഭിക്കുകയും ചെയ്യും.
വിവിധ ദിക്കില്‍ നിന്ന് ഒരേസമയം വരുന്ന ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കണം. കാര്യമായ മാറ്റങ്ങള്‍ വരുത്താതെ തന്നെ ശത്രുവിന്റെ ഡ്രോണുകളെ ആക്രമിക്കാനാകണം. വരുന്ന ഡ്രോണ്‍ എത്ര ദൂരെയാണ് എന്നതനുസരിച്ച് ഉപയോഗിക്കേണ്ട ഊര്‍ജത്തില്‍ മാറ്റം വരുത്തുന്നത് ആയാസരഹിതമായി ചെയ്യാനാകണം. തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ നാവികസേനയുടെ ആവശ്യങ്ങള്‍. ഇതിനുള്ള അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാകും ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധത്തിനുണ്ടാകുക എന്നാണ് കരുതുന്നത്. ഹൈപവര്‍ മൈക്രോവേവ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഇതിന് ആവശ്യമാണ്. ആയുധത്തെ പ്രഹരശേഷിയുള്ളതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.