ഗവര്‍ണറുടെ നടപടികള്‍ കാവിവല്‍ക്കരണത്തിനു വേണ്ടിയുളള പ്രവര്‍ത്തനത്തിന്റെ ഭാഗം;എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാറിനു വേണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമനങ്ങള്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഹൈക്കോടതി വിധി ഉള്‍പ്പെടെ ലംഘിച്ച് എല്ലാ സീമകളും കടന്നാണ് ഗവര്‍ണര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം നിയമനം നടത്തിയത് ഗൗരവകരമാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത് കോടതിവ്യവഹാരം സൃഷ്ടിച്ച് സര്‍വകലാശാലയുടെ പ്രവര്‍ത്തനം താറുമാറാക്കനുള്ള നിലപാടാണ് ഇതിന്റെ പിന്നിലുള്ളത്. കോടതിവിധികള്‍ തങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയിലാണ് ഗവര്‍ണറുടെ പ്രവൃത്തികള്‍. 

ഈ ഗവര്‍ണര്‍ ചുമതലയേറ്റ ശേഷം 9 കോടതിവിധികളാണ് ഇദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കാവിവല്‍ക്കരണത്തിനു വേണ്ടിയുളള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടികള്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുക്കുന്നതിന് സര്‍വീസ് സംഘിന്റെ ഓഫിസില്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നമസ്‌കരിക്കുന്നതിന്റെ ഫോട്ടോ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.


മതനിരക്ഷേപ ഉള്ളടക്കത്തെ തല്ലിത്തകര്‍ക്കുന്നതിന് മതരാഷ്ട്ര സിദ്ധന്തം മുന്നോട്ടു വയ്ക്കുന്ന ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിനു മുന്നില്‍ നമസ്‌കരിച്ചിട്ട് ചുമതല ഏറ്റെടുക്കുന്ന ഒരു വൈസ്ചാന്‍സലറുടെ മനോനില എന്താണെന്ന് ആളുകള്‍ക്കു ബോധ്യമാകും. ആര്‍എസ്എസും സംഘപരിവാറും കാവിവല്‍ക്കരണത്തിനു വേണ്ടി ഗവര്‍ണറെ ഉപയോഗിക്കുമ്പോള്‍ ഉദ്ദേശിക്കുന്നതും ഇതുതന്നെയാണ്. ഗവര്‍ണറുടെ നടപടി സംബന്ധിച്ച് യുഡിഎഫിന്റെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ട്. ആദ്യം യുഡിഎഫുകാരെയാണ് സംഘപരിവാറുകാര്‍ക്കൊപ്പം ഗവര്‍ണര്‍ നിയമിച്ചിരുന്നത്. അതില്‍ അവര്‍ സന്തോഷിച്ചിരുന്നു. കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ കോളജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ച് ശക്തമായ സമരപരിപാടികള്‍ ഉണ്ടാകണമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിക്കാന്‍ കഴിഞ്ഞതും പാലക്കാട് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ബിജെപിയുടെ നല്ലൊരു ശതമാനം വോട്ട് യുഡിഎഫ് വാങ്ങിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അവിടെ യുഡിഎഫ് വിജയത്തില്‍ ആദ്യമായി ആഹ്‌ളാദപ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയത ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ന്യൂനപക്ഷ വര്‍ഗീയതയ്ക്കു കളമൊരുക്കുകയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.


ക്ഷേമപെന്‍ഷന്‍ തട്ടിപ്പു നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നത് അപമാനകരമാണെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

സിബിഐ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ ഭരണകക്ഷിയുടെ ഉപകരണമായാണ് സിപിഎം കാണുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പം തന്നെയാണ്. എന്നാല്‍ എല്ലാത്തിന്റെയും അവസാനവാക്ക് സിബിഐ ആണ് എന്നതിനോടു യോജിപ്പില്ല. അത് കൂട്ടിലിട്ട തത്തയുടെ കളിയാണ് കളിക്കുകയെന്നും ഗോവിന്ദന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !