ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിയേക്കാമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. നഗരത്തിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധിയാണ്. കോളജുകള്‍ അടക്കം മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.നഗരത്തിൽ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുകൾക്കിടെ അറുമ്പാക്കം, വിരുഗംപാക്കം എന്നിവിടങ്ങളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു. കഴിഞ്ഞ മഴയിൽ വിരുഗംപാക്കം കനാൽ നിറഞ്ഞ് ജനവാസ മേഖലയിലേക്കും മറ്റും വെള്ളം കയറിയിരുന്നു. തുടർന്ന്, കനാലിന്റെ വീതി കൂട്ടുന്നത് അടക്കമുള്ള പ്രവൃത്തി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഈ പ്രവൃത്തികളുടെ പുരോഗതി മന്ത്രി പരിശോധിച്ചു. മുൻപു വെള്ളക്കെട്ട് ഉണ്ടായ സമീപ പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി വിരുഗംപാക്കം കനാലിന്റെ ഒരു ഭാഗം അടച്ചതിനെ തുടർന്നാണു പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായത്.
ആവിൻ 24 മണിക്കൂറും മഴ കനത്താലും എല്ലാവർക്കും തടസ്സമില്ലാതെ പാൽ ലഭ്യത ഉറപ്പാക്കുമെന്ന് ആവിൻ അറിയിച്ചു. അമ്പത്തൂർ, അണ്ണാ നഗർ, മാധവാരം, അഡയാർ, ബസന്റ് നഗർ, ഷോളിംഗനല്ലൂർ, വിരുഗംപാക്കം (വൽസരവാക്കം മെഗാ മാർട്ടിനു സമീപം), മൈലാപ്പൂർ സി.പി.രാമസാമി റോഡ് എന്നിവിടങ്ങളിലെ ആവിൻ പാർലറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ആവിൻ പാൽപ്പൊടിയുടെ താൽക്കാലിക വിൽപന കേന്ദ്രങ്ങൾ നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ദുരിതത്തിൽ.മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ റോഡുകൾ ചെളിക്കുളമായതോടെ യാത്രക്കാർ ദുരിതത്തിലായി. നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം സിഎംആർഎൽ ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിൽ പലയിടങ്ങളിലും കുഴികളാണ്. മഴ ശക്തി പ്രാപിച്ചതോടെ വാഹന ഗതാഗതം ഇഴയുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. നഗരത്തിൽ മിക്കയിടങ്ങളിലും ഇന്നലെ രാവിലെ മുതൽ മഴ പെയ്തു. അതേസമയം മറ്റിടങ്ങളിൽ കാര്യമായ ഗതാഗത പ്രശ്നങ്ങൾ ഉണ്ടായില്ല. വിമാന സർവീസ് തടസ്സപ്പെട്ടു പ്രതികൂല കാലാവസ്ഥയെ തുടർന്ന് നഗരത്തിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. മധുര, തിരുവനന്തപുരം, കോയമ്പത്തൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഏറെ വൈകിയാണു ലാൻഡ് ചെയ്തത്. ഹൈദരാബാദ്, ഡൽഹി, സെക്കന്തരാബാദ്, മുംബൈ, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പുറപ്പെടാൻ വൈകി.
ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഫെംഗൽ എന്നാണു ചുഴലിക്കാറ്റിന്റെ പേര്. സൗദി അറേബ്യയാണു പേരു നൽകിയത്. നിലവിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണു തീവ്ര ന്യൂനമർദം സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റ് എപ്പോൾ, എവിടെ കര തൊടുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം അധികൃതർ പറഞ്ഞു. കാറ്റിന്റെ ദിശ, വേഗം എന്നിവ തുടർച്ചയായി നിരീക്ഷിച്ച ശേഷമേ നിർണയിക്കാനാകൂ. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി ചിലപ്പോൾ സഞ്ചരിച്ചേക്കാമെന്നും അങ്ങനെയെങ്കിൽ ചെന്നെയ്ക്കു സമീപം കര തൊട്ടേക്കാമെന്നും സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.