മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ആ പണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരേ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകള്‍ പ്രധാനമന്ത്രി നല്‍കണമെന്നാവശ്യപ്പെട്ട സിദ്ധരാമയ്യ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയുന്ന പക്ഷം താന്‍ രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ സോലാപുരില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. നവംബര്‍ 20 ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനെത്തിയതാണ് സിദ്ധരാമയ്യ.
പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തീര്‍ത്തും നുണയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സ്വന്തം പ്രസ്താവന തെളിയിക്കാനുള്ള ചങ്കൂറ്റം മോദിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. "ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉറപ്പുകള്‍ നല്‍കുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്, എന്നാല്‍ സമാനമായ വാഗ്ദാനങ്ങളല്ലേ മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. മുന്നോട്ടുവെച്ചത്. സമ്പന്നവിഭാഗക്കാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളി. അതേസമയം കര്‍ഷകരുടെ വായ്പയില്‍ ഒരുരൂപ പോലും ഒഴിവാക്കി നല്‍കിയതുമില്ല", സിദ്ധരാമയ്യ തുടര്‍ന്നു.
ബി.ജെ.പി നേതാക്കളും മന്ത്രിമാരും കര്‍ണാടക സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്നും മറിച്ചാണെങ്കില്‍ ജനങ്ങളോട് മാപ്പുപറയാന്‍ ബി.ജെ.പി. തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.
കര്‍ണാടകയിലെ ജനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ കുറിച്ച് സിദ്ധരാമയ്യ വിശദീകരിച്ചു. മോദി സര്‍ക്കാരിന്റെ പക്ഷപാതപരമായ ഭരണരീതിയുടെ ഇരകളാണ് കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും ജനതയെന്നും സിദ്ധരാമയ്യ ആരോപിച്ചു. മഹാ വികാസ് അഘാഡി ഭരണത്തിലെത്തുന്ന പക്ഷം ക്ഷേമവാഗാദാനങ്ങളെല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.