ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളുടെ നീക്കവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാൻ ഏജന്റിന് ചോർത്തി നല്‍കിയ ആള്‍ പിടിയില്‍..
ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ് ഗോഹില്‍ എന്നയാളാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പാക് ഏജന്റിന് ചോർത്തി നല്‍കുകയും പ്രതിഫലം കൈപ്പറ്റുകയും ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കോസ്റ്റ് ഗാർഡിൻ്റെ ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതിന് പകരമായി ദിപേഷിന് പ്രതിദിനം 200 രൂപ ലഭിക്കുകയും പാക് ഏജൻ്റില്‍ നിന്ന് മൊത്തം 42,000 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് കണ്ടെത്തല്‍. സഹിമ എന്ന വ്യാജ പേരാണ് പാക് ഏജന്റ് ഉപയോഗിക്കുന്നതെങ്കിലും ഐഡൻ്റിറ്റി വ്യക്തമല്ല.
ഫേസ്ബുക്കില്‍ ദിപേഷുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഇയാള്‍ വാട്സ്‌ആപ്പിലും ദിപേഷുമായുള്ള ബന്ധം തുടർന്നു. ഓഖ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന കോസ്റ്റ് ഗാർഡ് ബോട്ടിൻ്റെ പേരും നമ്പറും ഇയാള്‍ ദിപേഷിനോട് ചോദിച്ചിരുന്നു.ഓഖയില്‍ നിന്നുള്ള ഒരാള്‍ കോസ്റ്റ് ഗാർഡ് ബോട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാകിസ്ഥാൻ നാവികസേനയുടെയോ ഐഎസ്‌ഐയുടെയോ ഏജൻ്റുമായി വാട്ട്‌സ്‌ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചെന്ന് ഗുജറാത്ത് എടിഎസ് ഓഫീസർ കെ സിദ്ധാർത്ഥ് പറഞ്ഞു.
അന്വേഷണത്തിനൊടുവില്‍ ഓഖ സ്വദേശിയായ ദിപേഷ് ഗോഹില്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ദിപേഷ് സമ്പർക്കം പുലർത്തിയിരുന്ന നമ്പർ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഓഖ തുറമുഖത്തെ കപ്പലുകളിലേക്ക് ദിപേഷിന് എളുപ്പത്തില്‍ എത്തിച്ചേരാമായിരുന്നുവെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ ഏജന്റിന് വിവരങ്ങള്‍ കൈമാറിയതിന് ദിപേഷിന് പ്രതിദിനം 200 രൂപ ലഭിച്ചു.
അക്കൗണ്ടില്ലാത്തതിനാല്‍ ഈ പണം സുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് വെല്‍ഡിംഗ് ജോലിക്കുള്ള പണമാണെന്ന് പറഞ്ഞ് സുഹൃത്തില്‍ നിന്ന് ഈ പണം വാങ്ങിയെന്നും ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും എടിഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.