ബംഗളുരു: ലിഫ്റ്റിലേക്ക് കയറുന്നതിനിടെ വാതിലുകള്‍ അടഞ്ഞ് മുകളിലേക്ക് ഉയർന്നതുമൂലമുണ്ടായ അപകടത്തില്‍ 52കാരന് ദാരുണാന്ത്യം.
ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങിയ നിലയില്‍ മുകളിലേക്ക് ഉയർന്ന് ഭിത്തിയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ബംഗളുരുവിലായിരുന്നു അപകടം.റിച്ച്‌മണ്ട് റോഡിലെ എച്ച്‌ജെഎസ് ചേംബേഴ്സിലാണ് അപകടമുണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന എംപി സ്വർണ മഹല്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ലക്ഷ്മണ്‍ എന്നയാളാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ 26 വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് പോവുകയായിരുന്നു ലക്ഷ്മണ്‍.
ആദ്യം ഒരു സ്ത്രീയും പുരുഷനും ലിഫ്റ്റിലുണ്ടായിരുന്നു. ഡോറുകള്‍ അടയാൻ തുടങ്ങവെയാണ് ലക്ഷ്മണ്‍ അകത്തേക്ക് കയറിയത്. എന്നാല്‍ ഡോർ പാതി അടഞ്ഞ നിലയില്‍ തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഡോറുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ലക്ഷ്മണിന്റെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിനകത്തും ബാക്കി പകുതി പുറത്തുമായിരുന്നു.
നിലവിളിക്കാൻ തുടങ്ങിയപ്പോഴേക്കും ലിഫ്റ്റ് ഉയർന്ന് മുകളിലെ ഷാഫ്റ്റ് ഭിത്തിക്കിടയില്‍ അദ്ദേഹം ഞെരിഞ്ഞു. ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഭയാനകമായ ഈ രംഗം കണ്ട് നിലവിളിച്ചു. ഇത് കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്.
ഒന്നാം നിലയില്‍ ലിഫ്റ്റ് നിന്നെങ്കിലും ഡോറുകള്‍ ജാമായിരുന്നതിനാല്‍ തുറക്കാൻ സാധിച്ചില്ല. അഗ്നിശമന സേനയും തൊട്ടടുത്ത ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറുമൊക്കെ സ്ഥലത്തെത്തി. ലിഫ്റ്റിനകത്തുള്ളവരുമായി സംസാരിക്കാൻ ശ്രമിക്കുകയും ഓക്സിജൻ നല്‍കുകയും ചെയ്തു. അകത്തുണ്ടായിരുന്ന സ്ത്രീ ഇതിനോടകം കുഴഞ്ഞുവീണു.
ഗ്യാസ് വെല്‍ഡർ ഉപയോഗിച്ചാണ് അഗ്നിശമന സേനാ അംഗങ്ങള്‍ വാതില്‍ തകർത്ത് അകത്ത് കടന്നത്. ഇതിന് ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്തു. പിന്നാലെ ലക്ഷ്മണിനെ മല്യ റോഡിലെ വൈദേഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
മരണപ്പെട്ട ലക്ഷ്മണിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബം നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേർത്തിട്ടില്ല. കെട്ടിട ഉടമയെയും മെയിന്റനൻസ് മാനേജറെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.